Wednesday, July 8, 2015

വിശ്വകര്‍മ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ്


കണ്ണൂര്‍: വിശ്വകര്‍മസമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് രാമാചാര്യ, ദേവകിയമ്മ മെമ്മോറിയല്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പും ഫോട്ടോയും സഹിതം അപേക്ഷിക്കണം. ഒരുതവണ സഹായധനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിലാസം: പ്രസിഡന്റ്, വോയ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, രാമതെരു, പി.ഒ. പള്ളിക്കുന്ന്, കണ്ണൂര്‍!. ഫോണ്‍: 0497 2749392, 9447727831. 
സഹപാഠികള്‍ കൈകോര്‍ത്തു; രണ്ടുദിവസംകൊണ്ട് സമാഹരിച്ചത് 1,33,000 രൂപ!


തലേശ്ശരി: രക്താര്‍ബുദം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന സഹപാഠിക്ക് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. രണ്ടുദിവസംകൊണ്ട് കുട്ടികള്‍ സമാഹരിച്ചത് ഒരു ലക്ഷത്തിമുപ്പത്തിമൂവായിരം രൂപ!

തലശ്ശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥിയും പെട്ടിപ്പാലം കോളനിവാസിയുമായ അബുത്വാഹിറിനുവേണ്ടിയാണ് സുഹൃത്തുക്കള്‍ പണം പിരിച്ചത്. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ് അബുത്വാഹിര്‍. പ്രഥമാധ്യാപകന്‍ കെ.മുസ്തഫയാണ് അബുത്വാഹിറിന്റെ പ്രശ്‌നം വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

നിര്‍ധനകുടുംബാംഗമായ അബുത്വാഹിറിന്റെ പിതാവ് മത്സ്യത്തൊഴിലാളിയാണ്.

തലശ്ശേരി ഡി.ഇ.ഒ. കെ.ശോഭന തുക പിതാവ് ഹനീഫയ്ക്ക് കൈമാറി. പി.ടി.എ. പ്രസിഡന്റ് എ.കെ.മുസ്തഫ അധ്യക്ഷതവഹിച്ചു. പി.പി.അലി, എം.പ്രതാപ്, സുമയ്യ, ഷീല, കെ.പി.നിസാര്‍, അഹമ്മദ്, ബഷീര്‍ ചെറിയാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രഥമാധ്യാപകന്‍ കെ.മുസ്തഫ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ഇസ്മയില്‍ നന്ദിയും പറഞ്ഞു. 

സ്ഥലംമാറ്റം

വിടവാങ്ങുന്ന AEO വിന്‍റെ സന്ദേശം


പ്രിയമുള്ളവരെ,

എനിക്ക് വടകര വിദ്യാഭ്യാസ ജില്ലയിലെ  തോടന്നൂര്‍  ഉപജില്ല വിദ്യാഭ്യാസ ഓഫീസറായി  സ്ഥലംമാറ്റം ലഭിച്ചതുമൂലം ഞാന്‍ ഇന്ന്‍ (8/7/2015) ന് വൈകുന്നേരം കണ്ണൂര്‍ നോര്‍ത്ത് AEO വിന്‍റെ ചുമതലയില്‍ നിന്നും വിടവാങ്ങുന്നു. എല്ലാവരെയും നേരില്‍ക്കണ്ട് യാത്രചോദിക്കാന്‍ സമയപരിമിതി അനുവദിക്കുന്നില്ല. ആകയാല്‍ ഈ യാത്രാമൊഴി ഹൃദയപൂര്‍വം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെ ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും അകമഴിഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. നന്ദി.

 ദയാകുമാരി.സി,
 കണ്ണൂര്‍ വടക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

സൌജന്യ യുണിഫോം വിതരണം 2013-14

അവശേഷിക്കുന്ന തുക തിരിച്ചടക്കണം 


2013-14 വര്‍ഷം സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യുണിഫോം വിതരണം ചെയ്യുന്നതിനായി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്ക് അനുവദിച്ച തുകയില്‍ അര്‍ഹമായ ചെലവ് കഴിഞ്ഞ്  തുക അവശേഷിക്കുന്നുണ്ടെങ്കില്‍   അത്  നാളെ (9/7/2015) ഉച്ചതിരിഞ്ഞ് 2 മണിക്ക് മുമ്പായി AEO വിന്‍റെ അക്കൌണ്ടില്‍ തിരിച്ചടക്കണം. തുക അടച്ചത്  സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട്‌   നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി  രേഖാമൂലം  ഓഫീസില്‍ സമര്‍പ്പിക്കുകയും  വേണം. AEO വിന്‍റെ അക്കൌണ്ട് വിശദാംശങ്ങള്‍ അറിയാന്‍ ഓഫീസ് ഫോണ്‍  നമ്പറില്‍ ബന്ധപ്പെടുക.

കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും

Farming Womens at Paddy Nursery - Palakkad, Kerala

ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും 16/8/2015 മുതല്‍ 26/8/2015 വരെ കണ്ണൂര്‍ പോലീസ് മൈദാനിയില്‍ വെച്ച് നടക്കും. ഇതിന്‍റെ ഭാഗമായി ചുവടെ ചേര്‍ത്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചതായി കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

  1. വിദ്യാര്‍ഥികള്‍ക്ക് ഉള്ള പച്ചക്കറി വിത്ത് വിതരണം.
  2. വിദ്യാലയങ്ങളില്‍ 10 സെന്‍റ് പച്ചക്കറി കൃഷിത്തോട്ട നിര്‍മാണം.
  3. പ്രൈമറി / അപ്പര്‍ പ്രൈമറി / ഹൈ / ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും കോളേജുകളിലും കാര്‍ഷിക ക്വിസ് - 20/7/2015 ന് പ്രാഥമിക റൌണ്ട്.
  4. സബ് ജില്ലാതലത്തിലും / വിദ്യാഭ്യാസ ജില്ലാ തലത്തിലുമുള്ള ക്വിസ് മത്സരം - 24/7/2015 ന് രണ്ടാം റൌണ്ട്.

Tuesday, July 7, 2015

മനുഷ്യഹൃദയങ്ങളെ അടുപ്പിക്കാന്‍ സാങ്കേതികവിദ്യ സഹായകമാകണം -ഡോ. ഖാദര്‍ മാങ്ങാട്‌







കണ്ണൂര്‍: മനുഷ്യഹൃദയങ്ങളെ അടുപ്പിക്കാന്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് സാങ്കേതികവിദ്യയുടെ പുരോഗതി അര്‍ഥവത്താകുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. 
ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന ഡിജിറ്റല്‍ എക്‌സ്‌പോയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, എന്‍.കെ.രത്‌നേഷ്, നൗഷാദ് പൂതപ്പാറ എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താനും പൊതുജനങ്ങളിലെത്തിക്കാനും അക്ഷയ സംരംഭകര്‍ക്ക് കഴിയണമെന്ന് കോമണ്‍ സര്‍വീസ് സെന്റര്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.പി.പത്മകുമാര്‍ പറഞ്ഞു. സി.എസ്.സി. പദ്ധതികളുമായി ബന്ധപ്പെട്ട് അക്ഷയസംരംഭകര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.കൃഷി, ബസ്, റെയില്‍വേ ബുക്കിങ്, ടെലിമെഡിസിന്‍, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടങ്ങിയവ വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യവ്യാപകമായി നാഷണല്‍ ഓപ്റ്റിക് ഫൈബര്‍ നെറ്റ്വര്‍ക്ക് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, അക്ഷയ അസി.ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് പൂതപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. 


LP വിഭാഗം ഇംഗ്ലീഷ് ട്രെയിനിംഗ്

മോഡ്യൂള്‍ തയ്യാറാക്കല്‍ 


LP വിഭാഗം ഇംഗ്ലീഷ് ട്രെയിനിങ്ങിനുള്ള മോഡ്യൂള്‍ തയ്യാറാക്കുന്നതിനായി ഈ സബ് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട  ചുവടെ ചേര്‍ത്ത അദ്ധ്യാപകര്‍ 8/7/2015, 9/7/2015 എന്നീ തീയ്യതികളിലായി കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കണം.
  1. വിനോദ് പെരിയാരം, ഇരുവേരി ALPS
  2. ഷീന, കടലായി സൌത്ത് UPS

പ്രധാനാദ്ധ്യാപകര്‍ അവരെ യഥാസമയം റിലീവ് ചെയ്യണം.

Monday, July 6, 2015

മൌവ്വഞ്ചേരി യു പി സ്കൂളില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ ദിനം ആചരിച്ചു







നാട്ടുമാവ് സംരക്ഷണം: സീഡ് അംഗങ്ങള്‍ 13,000 മാങ്ങയണ്ടി കൈമാറി


പൂമംഗലം: നാട്ടുമാവ് സംരക്ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടര്‍ച്ചയായി 3 വര്‍ഷമായി നടത്തുന്ന മാങ്ങയണ്ടിശേഖരണം ഈ വര്‍ഷവും സീഡ് അംഗങ്ങള്‍ നടത്തി. പുതിയ മാവിന്‍തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും പരീക്ഷണത്തിനുമാണ് തിരുവനന്തപുരം ട്രൊപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് മാങ്ങയണ്ടികള്‍ കയറ്റിയയക്കുന്നത്. കഴിഞ്ഞവര്‍ഷം 25,000വും 2013-ല്‍ 15,000വും ശേഖരിച്ച് നല്‍കിയിരുന്നു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായധനത്തോടെ ലോക പരിസ്ഥിതിദിനത്തിലാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍ തിരുവനന്തപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ റിസര്‍ച്ച് ഫെലോ അനൂപ് വര്‍ഗീസിന് മാങ്ങയണ്ടി കൈമാറി. കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ഒ.സി.സുഭാഷ് അധ്യക്ഷതവഹിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ എ പ്ലൂസ് നേടിയ പൂര്‍വ വിദ്യാര്‍ഥി രാഹുല്‍ ഹരിക്കുള്ള ഉപഹാരസമര്‍പ്പണവും ഡി.ഡി.ഇ. ഇ.വസന്തന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം പി.ഷീബ, എം.വി.മധുസൂദനന്‍, എ.കെ.ബിന്ദു, സി.രജനി, മാതൃഭൂമി സീഡ് പ്രതിനിധി ഇമാനുവല്‍ ആന്‍മറിയ, സ്‌കൂള്‍ ലീഡര്‍ ഷമ്മാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ സി.സത്യനാരായണന്‍ സ്വാഗതവും കെ.പി.ധനഞ്ജയന്‍ നന്ദിയും പറഞ്ഞു. 

Text Book Monitoring System

ലഭിച്ച പാഠപുസ്തകങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കണം 




സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ലഭ്യമായത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി. സ്കൂളുകള്‍ ഓണ്‍ലൈന്‍ ഇന്‍ഡന്‍റ് സമര്‍പ്പിക്കുന്നതിനു ഉപയോഗിച്ചിരുന്ന യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് www.itschool.gov.in    എന്ന വെബ്സൈറ്റിലെ Text Book Monitoring System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ സ്കൂളിലും ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിശദാംശങ്ങള്‍ 8/7/2015 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി ഉള്‍പ്പെടുത്തണം. 

കൂടുതല്‍ അറിയാം .........

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഏഴ് ആപ്ലിക്കേഷനുകള്‍ ഉദ്ഘാടനം ചെയ്തു

ഡിജിറ്റല്‍ ഇന്ത്യാ വാരത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഏഴ് ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍, ജനന-മരണ-വിവാഹറജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വത്ക്കരണം, വസ്തു നികുതി ഡിജിറ്റലൈസേഷന്‍, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം, സമന്വയ ആപ്ലിക്കേഷന്‍, സുരേഖ, സമഗ്ര ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ആരംഭിച്ചത്.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി വികസിപ്പിച്ചിട്ടുള്ള സങ്കേതമാണ് സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം. ഇതു നടപ്പാക്കുന്ന സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുട ദൈനംദിന ഹാജര്‍ രേഖപ്പെടുത്തുകയുംഹാജരാകാത്തവരുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസ്. സംവിധാനം വഴി അയക്കും. പരീക്ഷകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും രക്ഷാകര്‍ത്താക്കളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

കൂടുതല്‍ അറിയാം .........

ടീച്ചിംഗ് പ്രക്റ്റിസ് ഉള്‍പ്പെടുത്തി 

അറബിക്, ഉര്‍ദു അദ്ധ്യാപക യോഗ്യതാ പരീക്ഷകള്‍ക്കുള്ള കൊഴ്സുകളില്‍ ടീച്ചിംഗ് പ്രക്റ്റിസ് കൂടി ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ അനുമതിനല്‍കി.

ഡിജിറ്റല്‍ എക്‌സ്‌പോ തുടങ്ങി

ദ്വിദിനപ്രദര്‍ശനം  വിദ്യാര്‍ഥികളെ കാണിക്കണം 



കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കുന്ന ഡിജിറ്റല്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.ജി.പി. ദിനേന്ദ്ര കശ്യപ് സ്റ്റാളുകള്‍ കാണുന്നു.


കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അക്ഷയ, ഐ.ടി. സെല്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ എക്‌സ്‌പോ ദ്വിദിനപ്രദര്‍ശനം തുടങ്ങി. കളക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ 10-ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്തു. റവന്യൂവകുപ്പിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സേവനങ്ങള്‍ സംബന്ധിച്ച പ്രദര്‍ശനം, അക്ഷയയുടെ ആധാര്‍, ഡിജിറ്റല്‍ ലോക്കര്‍, ഭക്ഷ്യസുരക്ഷ എന്നിവ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം, അക്ഷയ ബാങ്ക് കിയോസ്‌ക് പ്രവര്‍ത്തനരീതി എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. സ്​പാര്‍ക്ക്, ഇ-പ്രൊക്യൂര്‍മെന്റ് എന്നിവയുടെ ഹെല്‍പ്ഡസ്‌കും മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്, തലശ്ശേരി സഹകരണ എന്‍ജിനീയറിങ് കോളേജ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, സി-ഡിറ്റ്, സ്റ്റേറ്റ് ബാങ്ക്, ബി.എസ്.എന്‍.എല്‍., വിവിധ ഐ.ടി. സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ടാകും. പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ഥള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവസരമുണ്ടാകുമെന്ന് കളക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. ദ്വിദിനപ്രദര്‍ശനം   വിദ്യാര്‍ത്ഥികളെ കാണിക്കുന്നതിന് പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

MOST URGENT

സൌജന്യമായി യുണിഫോം വിതരണം, 2013-14

ധനവിനിയോഗപത്രം സമര്‍പ്പിക്കണം 

2013-14 വര്‍ഷം സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യുണിഫോം വിതരണം ചെയ്തത് സംബനധിച്ചുള്ള ധനവിനിയോഗപത്രം അടിയന്തിരമായി സമര്‍പ്പിക്കേണ്ട ആവശ്യത്തിലേക്ക് എല്ലാ എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകരും ചുവടെ ചേര്‍ത്ത  പ്രൊ ഫോമ പൂരിപ്പിച്ചു ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. അതിന്‍റെ പ്രിന്റൌട്ട് ഒപ്പിട്ടു സീല്‍ പതിച്ചു നാളെ രാവിലെ 11 മണിക്ക് മുമ്പ് ഓഫീസില്‍ സമര്‍പ്പിക്കണം.


Sunday, July 5, 2015

കൈ കഴുകി ഗിന്നസ് ബുക്കിലേക്ക്



കൈ കഴുകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നിട്ടും ചിലര്‍ കൈകഴുകി ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. കൈകഴുകല്‍ ദിനത്തില്‍ കൈകഴുകിയാണ് ഇവര്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഹാന്‍ഡ് വാഷിങ് ഡേയില്‍ മധ്യപ്രദേശിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തോടെ കൈ ശുചിയാക്കിയതിന് ഗിന്നസ് ബുക്കില്‍ കയറിയത്. 2014 ല്‍ വേള്‍ഡ് ഹാന്‍ഡ് വാഷിങ് ഡേയില്‍ മധ്യപ്രദേശില്‍ 12,76,425 വിദ്യാര്‍ഥികള്‍ ഒരേസമയത്ത് കൈകള്‍ ശുചിയാക്കിയതിന് ഗിന്നസ് ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. അര്‍ജന്‍റീന, പെറു, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡാണ് മഹാരാഷ്ട്രയിലെ വിദ്യാര്‍ഥികള്‍ ഇല്ലാതാക്കിയത്. 2011 ല്‍ 7,40,870 പേരെ അണിനിരത്തിയായിരുന്നു ഈ രാജ്യങ്ങള്‍ കൈ ശുചിയാക്കല്‍ റെക്കോഡ് സ്ഥാപിച്ചത്.
മധ്യപ്രദേശിലെ പഞ്ചായത്തിന്‍റെയും റൂറല്‍ ഡെവലപ്പ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും നേതൃത്വത്തിലാണ് കൈ കഴുകല്‍ ദിനത്തില്‍ ഇങ്ങനെയൊരു വ്യത്യസ്തമായ ചടങ്ങ് സംഘടിപ്പിച്ചത്. മധ്യപ്രദേശിലെ 51 ജില്ലകളിലെ വിവിധ ഇടങ്ങളില്‍ നിന്നായി പതിമൂവായിരത്തിലേറെ സ്ഥലങ്ങളിലാണ് കൈകഴുകല്‍ ഒരുക്കിയത്. ആരോഗ്യ സംരക്ഷണത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹാന്‍ഡ് വാഷിങ് ഡേയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ അണിനിരത്തിയത്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ കൈ ശുചിയാക്കുന്നതിന്‍റെ പ്രാധാന്യമെത്തിക്കുകയായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ആഗനവാടികളിലെ കുട്ടികളെ വരെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൈ കഴുകല്‍ ചടങ്ങിന്‍റെ വിഡിയൊ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഗിന്നസ് അധികൃതര്‍ റെക്കോഡ് നല്‍കുന്നത്. ഇതിനൊപ്പം ഇരുപതിനായിരത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ ചരിത്രനിമിഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു, ഈ ദൃശ്യങ്ങളും ഗിന്നസ് അധികൃതര്‍ പരിശോധിച്ചിട്ടുണ്ട്. ഒക്റ്റോബര്‍ 15നാണ് വേള്‍ഡ് ഹാന്‍ഡ് വാഷിങ് ഡേയായി ആചരിക്കുന്നത്.

വായനവാരാചരണം 

ചക്കരക്കല്‍: ഏച്ചൂര്‍ വെസ്റ്റ് യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും പുസ്തകപ്രദര്‍ശനവും എ.അശോകന്‍ നിര്‍വഹിച്ചു. ടി.വി. സീത അധ്യക്ഷതവഹിച്ചു. പി.അനഘ, പി.ഹൃദ്യ, ഫാത്തിമത്തുല്‍ സലാമ, ഫഹീമ, ടി.പി.ഹസീബ, എം.ചന്ദ്രന്‍, വി.രമണി എന്നിവര്‍ സംസാരിച്ചു.


കുറുവ: കുറുവ യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലൂബ്ബുകളുടെയും ഉദ്ഘാടനം എം.ഒ.ജി. മലപ്പട്ടം നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ പ്രദീപന്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ പി.അജിത, കെ.ഹിലര്‍, പി.അഷറഫ്, പി. രാജീവന്‍, വിദ്യ എന്നിവര്‍ സംസാരിച്ചു.
പുസ്തകപ്രദര്‍ശനം



ചക്കരക്കല്‍: പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തകപ്രദര്‍ശനം നടത്തി. ആര്‍.ലളിത അധ്യക്ഷതവഹിച്ചു. ടി.ബാബു, സി.എച്ച്.ജസീല്‍, വി.അജിത, എം.സി.അബ്ബാസ്, കെ.ആദിത്യ, പി.ഷഹദിയ, സന, റാഹിന, സനിയ എന്നിവര്‍ പ്രസംഗിച്ചു.

എന്‍ഡോവ്‌മെന്റ് വിതരണം

ചക്കരക്കല്‍: മിടാവിലോട് വെസ്റ്റ് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബീഫാത്തിമ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണവും ഇരിവേരി സഹകരണബാങ്ക് അനുവദിച്ച ഉച്ചഭക്ഷണ പാത്രങ്ങളുടെ വിതരണവും ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. വി.കെ.കരുണന്‍, വി.ലോഹിതാക്ഷന്‍, സി.മിഥുന്‍, വി.കെ.ജയശ്രീ എന്നിവര്‍ സംസാരിച്ചു.

ജൈവകൃഷി ബോധവത്കരണ ക്ലാസ്


ചക്കരക്കല്‍: അന്താരാഷ്ട്ര മണ്ണ്വര്‍ഷവുമായി ബന്ധപ്പെട്ട് മുതുകുറ്റി യു.പി. സ്‌കൂളില്‍ ജൈവ ബോധവത്കരണ ക്ലൂസ് നടത്തി. ദിനേശന്‍ ചെമ്പിലോട് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എം.പി.രാജീവന്‍, കെ.പി.ബാബു, കെ.പി.വേണുഗോപാലന്‍ വൈദ്യര്‍, കെ.കെ.അനില്‍ബാബു, കെ.സി.നന്ദകുമാര്‍, കനകന്‍, സി.പ്രമീള എന്നിവര്‍ സംസാരിച്ചു.

കൃഷിരീതി പരിചയപ്പെടാന്‍ കുട്ടികള്‍ പാടത്ത്


മയ്യില്‍: നണിയൂര്‍ നമ്പ്രം മാപ്പിള എ.എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബംഗങ്ങളായ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്് നണിയൂര്‍ നമ്പ്രം വയലുകള്‍ സന്ദര്‍ശിച്ചു. സി.കെ.കമല കൃഷിരീതികള്‍ പരിചയപ്പെടുത്തിക്കൊടുത്തു. 
സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം.പി.അഷ്‌റഫ്, പ്രഥമാധ്യാപിക പി.ടി.പ്രേമാവതി, വി.സ്മിത, അന്‍ജുഷ, റിജി, എം.അന്‍സാരി, എം.കെ.പി.മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി. 

രാമേട്ടന്‍റെ പാടം

ഫോട്ടോ പതിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി സ്‌കൂള്‍ തിരഞ്ഞെടുപ്പ്‌


പിലാത്തറ: നൂതനരീതിയിലുള്ള ലീഡര്‍ തിരഞ്ഞെടുപ്പുമായി പ്രൈമറി സ്‌കൂള്‍. പുറച്ചേരി ഗവ. യു.പി. സ്‌കൂളിലാണ് ഫോട്ടോ പതിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത്. 
പത്രിക സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, പ്രചാരണം തുടങ്ങി പൊതു തിരഞ്ഞെടുപ്പുകളിലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 
രക്ഷിതാവായ പി.കെ.ജിജയാണ് പ്രോഗ്രാം തയ്യാറാക്കിയത്. ഐ.വി.അബ്ദുള്‍ അഫീല, ഒ.കെ.സാവിത്രി, പി.രമേശന്‍ എന്നിവര്‍ നേതൃത്വംനല്കി. 

മുഴത്തടം യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'


കണ്ണൂര്‍: താണ മുഴത്തടം യു.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി തുടങ്ങി. കണ്ണൂരിലെ പത്ര-പരസ്യ ഏജന്‍സിയായ ടി.കെ.സി. അഡ്വര്‍ടൈസിങ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ടി.കെ.സി. മാനേജിങ് ഡയറക്ടറും പെരിങ്ങാടി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റും കെ.എ.ത്രിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ടി.കെ.സി. അഹമ്മദ് സ്‌കൂള്‍ ലീഡര്‍ വി.വി.ശ്രേയക്ക് മാതൃഭൂമി നല്‍കി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി അസി. സെയില്‍സ് ഓര്‍ഗനൈസര്‍ ടി.രജിത്ത് പദ്ധതി വിശദീകരിച്ചു. ടി.െക.സി. മാനേജര്‍ മനോഹരന്‍, എ.കെ.സുരേന്ദ്രന്‍, എം.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ പി.എം.അംബുജാക്ഷന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.സതീശന്‍ നന്ദിയും പറഞ്ഞു.

തുടികൊട്ടിപ്പാട്ടിനൊപ്പം കുട്ടിക്കര്‍ഷകര്‍ പാടത്തിറങ്ങി, മണ്ണിനെയറിയാന്‍



കണ്ണൂര്‍: തുടിപ്പാട്ടിന്റെ അകമ്പടിയോടെ കൊച്ചുകര്‍ഷകര്‍ പാടത്തെ ചെളിയിലേക്കിറങ്ങി. തോട്ടില്‍ കുളിച്ച്, പാടവരമ്പത്തിരുന്ന് കഞ്ഞികുടിച്ച്, പാടവും നാടും ഉണര്‍ത്തി കൃഷിയറിവുമായി മടക്കം. 
പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്സി.ലെ നന്മ സാംസ്‌കാരികവേദി ഒരുക്കുന്ന 'ജോയ് ഓഫ് ലേണിങ്' എന്ന പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കണ്ടംപൂട്ടി ഞാറുനട്ടത്. മയ്യില്‍ പഞ്ചായത്തിലെ കടൂര്‍ പ്രദേശത്തെ അരയിടം പാടശേഖരത്തിലാണ് കൃഷിപാഠങ്ങള്‍തേടി കുട്ടികളെത്തിയത്. നാട്ടുകാര്‍ വന്‍ സ്വീകരണമാണ് ഇവര്‍ക്കായൊരുക്കിയത്. സ്‌കൂളിലെ അഞ്ചു മുതല്‍ ഒമ്പതാംതരംവരെയുള്ള 60 കുട്ടികളാണ് പാടത്തെത്തിയത്. പൊന്നാര്യന്‍, പുന്നെല്ല്, കുതിര്, ചെമ്പാവ്, കുഞ്ഞെല്ല്, നവര എന്നീ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് കുട്ടികളെ പാടത്തിറക്കിയത്. എല്ലാവരും ആദ്യമായാണ് വയലില്‍ ഞാറുനടുന്നത്. നാടന്‍പാട്ടുകാരന്‍ ശരത്കുമാര്‍ അത്താഴക്കുന്നും തുടിപ്പാട്ടുമായി ഇവര്‍ക്ക് ഊര്‍ജമേകാന്‍ പാടത്തിറങ്ങി. 
വയലില്‍നിന്ന് വിയര്‍ത്തുകയറി തൊട്ടടുത്ത തോട്ടില്‍നിന്ന് കുളിച്ച് ഉന്മേഷത്തോടെ തിരിച്ചെത്തി. പിന്നെ പാടവരമ്പിത്തിരുന്ന് കഞ്ഞിയും ചക്കപ്പുഴുക്കും മാങ്ങയിഞ്ചിച്ചമ്മന്തിയും കഴിച്ച് വയറുനിറച്ചു. പിന്നെ നാട്ടിപ്പാട്ടുമായി കടൂരിലെ മുതിര്‍ന്ന കര്‍ഷകസ്ത്രീകളായ ദേവി, ശോഭ, ഭാമിനി എന്നിവരും കുട്ടികള്‍ക്കൊപ്പംകൂടി. കോരന്‍, എ.സി.കൃഷ്ണന്‍ എന്നിവര്‍ പഴയകാല കൃഷിരീതികളെക്കുറിച്ച് വിവരിച്ചു. മണ്ണ് തൊട്ടറിഞ്ഞും പഴയതലമുറയുടെ കാര്‍ഷികപാഠങ്ങള്‍ കേട്ടറിഞ്ഞും പുതിയ കൃഷിപാഠങ്ങളുമായാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. 
ജൂണ്‍ മുതല്‍ മാര്‍ച്ചുവരെ നീണ്ടുനില്ക്കുന്ന ജീവിതപഠനയാത്രയുടെ ഭാഗമായാണ് 'എല്ലാവരും പാടത്തേക്ക്' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികവിജ്ഞാനം പകരാന്‍ പരിപാടി നടത്തിയത്. ടി.കെ.ബാലകൃഷ്ണന്‍, റിട്ട. കൃഷി ഓഫീസര്‍ വി.ഒ.പ്രഭാകരന്‍, വി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. ജോയ് ഓഫ് ലേണിങ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത്, അധ്യാപകരായ ബെന്നി പീറ്റര്‍, എന്‍.ലത, വി.രമണി എന്നിവര്‍ നേതൃത്വം നല്‍കി.

പ്ലസ് ടു പാസായവര്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ്‌


കണ്ണൂര്‍: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് റോട്ടറി ക്ലബ് കാലിക്കറ്റ് അപ് ടൗണ്‍ പഠന സ്‌കോളര്‍ഷിപ്പ് നല്‍കും. ബി.എസ്സി. ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.സി.എ., ബി.ബി.എ., എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിക്കാനാണ് സ്‌കോളര്‍ഷിപ്പ്. താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9656009992

ജീവന്‍-ക്യൂട്ടി മഴയാത്ര..കണ്ണൂര്‍ ജില്ലയില്‍ ആവേശകരമായ പ്രതികരണം......

കതിരൂര്‍ ജി.വി.എച്ച്.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍ ഇനി കളരിയും അഭ്യസിക്കും





കതിരൂര്‍: സ്‌കൂള്‍ പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും ഇനിമുതല്‍ കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വായത്തമാക്കും. കളരിപഠനം കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനംചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പെ കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാഠഭാഗമായി കളരി അഭ്യസിപ്പിച്ചിരുന്നു. അതിനായി ഒരു അധ്യാപകനുമുണ്ടായിരുന്നു. കായികാധ്യാപകനായിരുന്ന കതിരൂര്‍ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടില്‍ എന്‍.കുഞ്ഞിരാമന്‍ നായര്‍ എന്ന കളരിമാഷായിരുന്നു. എണ്‍പതുകളുടെ ആദ്യം അധ്യാപകന്‍ വിരമിച്ചതോടെ കളരിപഠനവും അവസാനിച്ചു. കളരിപഠനത്തിന്റെ ഭാഗമായി നിര്‍മിച്ച 70 വര്‍ഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്. അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കേരളത്തില്‍ രണ്ട് വിദ്യാലയങ്ങളില്‍ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളൂ. ഒന്ന് കതിരൂരും മറ്റൊന്ന് ചേര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ്സിലുമാണ്. 
കതിരൂരിന്റെ കളരിപാരമ്പര്യം കണക്കിലെടുത്ത് കതിരൂര്‍ ഗ്രാമപ്പഞ്ചായത്തും പി.ടി.എ.യും ചേര്‍ന്നാണ് വിദ്യാര്‍ഥികളില്‍ കളരിപഠനം വേണമെന്ന തീരുമാനമെടുത്തത്. അതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് ഒരു പ്രോജക്ട് ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 
അഞ്ചാംക്ലാസിലെ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനവും ആരംഭിച്ചു. ചടങ്ങില്‍ കതിരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഡി.ഇ.ഒ. കെ.കെ.ശോഭന നിര്‍വഹിച്ചു. അബ്ദുള്‍ഖാദര്‍, ശ്രീജിത്ത് ചോയന്‍, ശൈലേഷ് ഗുരുക്കള്‍, ജ്യോതി കേളോത്ത് എന്നിവര്‍ സംസാരിച്ചു. 

പ്ലാസ്റ്റിക് സഞ്ചി വിരുദ്ധദിനം ആചരിച്ചു





കണ്ണൂര്‍: കിസാന്‍ കണ്ണൂര്‍ പ്ലാസ്റ്റിക് സഞ്ചി വിരുദ്ധദിനം ഗവ. തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂളില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള ഉദ്ഘാടനം ചെയ്തു. 
കിസാന്‍ ചെയര്‍മാന്‍ അഡ്വ. ടി.ഒ.മോഹനന്‍ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ എം.പി.രാജേഷ്, അഡ്വ. പി.ഇന്ദിര, പ്രഥമാധ്യാപകന്‍ കെ.കരുണാകരന്‍, എം.രത്‌നകുമാര്‍, പി.ടി.എ.പ്രസിഡന്റ് എം.മനോഹരന്‍, പി.സി.പ്രദീപ്, സ്റ്റാഫ് സെക്രട്ടറി എ.സുചിത്ര, പി.സി.അശോക്, ടി.രാജേഷ് എന്നിവര്‍ സംസാരിച്ചു. 

ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ബോധവത്കരണം നടത്തി. നഗരസഭാ ഉപാധ്യക്ഷന്‍ ടി.ഒ.മോഹനന്‍ ലഘുലേഖ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.ദേവരാജ് അധ്യക്ഷതവഹിച്ചു. മോഹന്‍ദാസ്, പ്രഥമാധ്യാപിക ആശ, സരിത, സരീഷ്, ബാബു, ഗിനീഷ്, ഗായത്രി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വോളന്റിയേഴ്‌സ് ലഘുലേഖകള്‍ വിതരണംചെയ്യുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു. 

ഡിജിറ്റല്‍ എക്‌സ്‌പോ നാളെ തുടങ്ങും





കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അക്ഷയ, ഐ.ടി. സെല്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ എക്‌സ്‌പോ ദ്വിദിനപ്രദര്‍ശനം 6/7/2015 തിങ്കളാഴ്ച തുടങ്ങും.കളക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ 10-ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്യും. റവന്യൂവകുപ്പിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സേവനങ്ങള്‍ സംബന്ധിച്ച പ്രദര്‍ശനം, അക്ഷയയുടെ ആധാര്‍, ഡിജിറ്റല്‍ ലോക്കര്‍, ഭക്ഷ്യസുരക്ഷ എന്നിവ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം, അക്ഷയ ബാങ്ക് കിയോസ്‌ക് പ്രവര്‍ത്തനരീതി എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. സ്​പാര്‍ക്ക്, ഇ-പ്രൊക്യൂര്‍മെന്റ് എന്നിവയുടെ ഹെല്‍പ്ഡസ്‌കും മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്, തലശ്ശേരി സഹകരണ എന്‍ജിനീയറിങ് കോളേജ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, സി-ഡിറ്റ്, സ്റ്റേറ്റ് ബാങ്ക്, ബി.എസ്.എന്‍.എല്‍., വിവിധ ഐ.ടി. സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ടാകും. പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ഥള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവസരമുണ്ടാകുമെന്ന് കളക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. 

Saturday, July 4, 2015

നൂണ്‍ മീല്‍ കോണ്ടിന്‍ജന്റ് ചാര്‍ജ് 

തുക അനുവദിച്ചു 


നൂണ്‍ മീല്‍ കോണ്ടിന്‍ജന്റ് ചാര്‍ജ് ഇനത്തില്‍ ഈ വര്‍ഷത്തേക്കുള്ള ആദ്യ ഇന്‍സ്റ്റാള്‍മെന്‍റ് എല്ലാ സ്കൂളുകള്‍ക്കും അനുവദിച്ചു.

Friday, July 3, 2015

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്‌



കണ്ണൂര്‍: എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ഉയര്‍ന്ന ഗ്രേഡ് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് നല്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ആഗസ്ത് 10-നു മുമ്പ് സമര്‍പ്പിക്കണം.

ഗവ. പ്രൈമറി സ്കൂളുകള്‍

എല്‍.പി.എസ്.എ , യു.പി.എസ്.എ  കേഡര്‍ സ്ട്രങ്ങ്ത് സമര്‍പ്പിക്കണം 

ഗവ. പ്രൈമറി സ്കൂളുകളിലെ 2013-14, 2014-15 വര്‍ഷങ്ങളിലെ എല്‍.പി.എസ്.എ , യു.പി.എസ്.എ  കേഡര്‍ സ്ട്രങ്ങ്ത് ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ 9/7/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. 

Thursday, July 2, 2015

സ്കൂള്‍ കലണ്ടര്‍, 2015 - 16

വിതരണം 


2015 - 16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സൗജന്യമായി ആണ് വിതരണം. എയിഡഡ് / അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് കലണ്ടര്‍ ഒന്നിന് 23 രൂപ നിരക്കില്‍ വില അടക്കണം. സ്കൂള്‍ കലണ്ടര്‍ എല്ലാ പ്രധാനാദ്ധ്യാപകരും ഉടന്‍തന്നെ കൈപ്പറ്റണം.

സംസ്കൃത വിദ്യാഭ്യാസ പ്രവര്‍ത്തനനങ്ങള്‍

സ്മരണിക




സംസ്കൃത വിദ്യാഭ്യാസ പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്  സ്മരണിക പ്രസിദ്ധീകരിച്ചു. സബ് ജില്ലയിലെ സംസ്കൃതം പഠിപ്പിക്കുന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ സ്മരണിക ഉടന്‍തന്നെ കൈപ്പറ്റണം.

കുഞ്ഞായിയുടെ കിഴി

പരിസ്ഥിതി സംവാദമായി 'സീഡ്' ശില്പശാല




തളിപ്പറമ്പ്: മലമുകളിലെ മാഷുടെ ആശങ്ക കടലോരത്തെ മാഷുടെ ആശങ്ക കൂടിയായപ്പോള്‍ മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല ശില്പശാല പരിസ്ഥിതിസംവാദ വേദിയായി. സീഡ് ശില്പശാല തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസറുടെ ചുമതലയുള്ള പി.ഐ.സുഗുണന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കെ.സതീശന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, തളിപ്പറമ്പ് ലേഖകന്‍ ശേഖര്‍ തളിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിലെ മികച്ച കോ ഓര്‍ഡിനേറ്ററായ പുഷ്പഗിരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ടി.എന്‍.ശ്രീജയ്ക്കും മികച്ച കാര്‍ഷികപ്രവര്‍ത്തനത്തിന് കൃഷിവകുപ്പിന്റെ പുരസ്‌കാരം ലഭിച്ച കെ.രവീന്ദ്രനും വിത്തുകള്‍ കൈമാറിയായിരുന്നു ഉദ്ഘാടനം. വിഷമുക്തഭക്ഷണസന്ദേശമായി അരിയുണ്ട കഴിച്ചായിരുന്നു ശില്പശാലയുടെ തുടക്കം. മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍ ശില്പശാല നയിച്ചു. ജല ഉപയോഗത്തെക്കുറിച്ച് ഏറെ ആശങ്ക വേണ്ടെന്ന മണിക്കടവ് സെന്റ് തോമസ് സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.എം.ജോസിന്റെ അഭിപ്രായത്തില്‍ തുടങ്ങി മലയോരത്തെ വന്യമൃഗശല്യവും കടലോരത്തെ കല്ലിടലും പുഴയിലേക്ക് കക്കൂസ്മാലിന്യം തള്ളുന്നതുമെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. നാട്ടിലിറങ്ങുന്ന കുരങ്ങുകള്‍ക്ക് തേന്‍കനിത്തോപ്പൊരുക്കിയ കഥ ഏറ്റുകുടുക്ക യു.പി.യിലെ കെ.രവീന്ദ്രനും കടല്‍ കാക്കാന്‍ കല്‍ക്കെട്ടല്ല വേണ്ടതെന്ന് പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ സുധീര്‍കുമാറും സമര്‍ഥിച്ചു. മലയാളി കൃഷിയെ ഗൗരവത്തോടെ നോക്കുന്നില്ലെന്നായിരുന്നു പരിയാരം ഉര്‍സുലിന്‍ സ്‌കൂളിലെ സന്ധ്യ സഹദേവന്റെ പരാതി. ജലദുരുപയോഗം തടയാനുള്ള മാര്‍ഗങ്ങളും അധ്യാപകര്‍ നിര്‍ദേശിച്ചു. 'നഞ്ചില്ലാത്ത ഊണി'നുള്ള പച്ചക്കറി ഒരുക്കാനൊരുങ്ങിയാണ് അധ്യാപകര്‍ ശില്പശാല വിട്ടത്.


'സീഡ്' മണ്ണ് തൊടാന്‍ പഠിപ്പിച്ചു







 

തലശ്ശേരി: മാതൃഭൂമിയുടെ സീഡ് ദൗത്യം വിദ്യാര്‍ഥികളെ മണ്ണ് തൊടാന്‍ പഠിപ്പിച്ചുവെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.വസന്തന്‍ അഭിപ്രായപ്പെട്ടു. സീഡ് ഏഴാം വര്‍ഷത്തെ തലശ്ശേരി വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ പ്രകൃതിബോധം വളര്‍ത്തുന്നതോടൊപ്പം അധ്യാപകരില്‍ ദിശാബോധം വളര്‍ത്തുന്നതിലും സീഡ് വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ഹരിതവിദ്യാലയമായ കൂത്തുപറമ്പ് ഹൈസ്‌കൂളിലെ കെ.രാജനും തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മികച്ച കോഓര്‍ഡിനേറ്ററായ സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ കെ.ശോഭനയ്ക്കും വിത്തുകള്‍ കൈമാറിയായിരുന്നു ഉദ്ഘാടനം. ശോഭന ടീച്ചര്‍ കൈമാറിയ അരിയുണ്ടമധുരം നുണഞ്ഞ് നൂറ്റമ്പതോളം അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു. ഉദ്ഘാടന ച്ചടങ്ങില്‍ മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ സുനില്‍ ഇ., മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വിജേഷ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി ഡി.ഇ.ഒ. കെ.കെ.ശോഭന സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു. മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍ നയിച്ച ശില്പശാല അധ്യാപകരുടെ സക്രിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തിന് 'നഞ്ചില്ലാത്ത ഊണൊരുക്കാന്‍' പച്ചക്കറികളൊരുക്കാമെന്ന ദൃഢനിശ്ചയത്തോടെയാണ് അധ്യാപകര്‍ സ്‌കൂളിലേക്ക് മടങ്ങിയത്.

ഭൂമിക്കൊരു കൈയൊപ്പ്







കണ്ണൂർ: പ്രകൃതിയെ മാരകമായി പരിക്കേല്പിക്കാതെ മുന്നോട്ടുപോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള പറഞ്ഞു. കണ്ണൂർ വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർമാരായ അധ്യാപകർക്കുവേണ്ടി കണ്ണൂർ ഐ.എം.എ. ഹാളിൽ സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അവർ. സമൂഹനന്മയ്ക്കായി കുട്ടികൾ ഇടപെടുന്ന പ്രബലമായ പ്രസ്ഥാനമാണ് ഇന്ന് മാതൃഭൂമിയുടെ സീഡ്. ഇത്തരം പ്രവർത്തനത്തിലൂടെ വലിയൊരു സാമൂഹികധർമമാണ് മാതൃഭൂമി നിറവേറ്റുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സീഡ് മാടായിപ്പാറയിൽ സംഘടിപ്പിച്ച ‘ഭൂമിക്കൊരു കൈയൊപ്പ്’ പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച മണ്ണിൽ കൈമുക്കി വിദ്യാർഥികൾ വരച്ച മരത്തിന്റെ മൺചിത്രം പ്രൊഫ. കെ.എ.സരള ഫെഡറൽ ബാങ്ക് എ.ജി.എം. വി.ഒ.പാപ്പച്ചന് കൈമാറി. ശില്പശാല കണ്ണൂർ ഡി.ഇ.ഒ. യു.കരുണാകരൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനം കുട്ടികളുടെ മനസ്സിലുണ്ടാക്കിയ മാറ്റം നമ്മുടെ ചിന്തയ്ക്കുമപ്പുറത്താണെന്ന് ഡി.ഇ.ഒ. പറഞ്ഞു. തുടക്കത്തിൽ അത്ര വിപുലമായ രീതിയിലല്ലെങ്കിലും പിന്നീടുണ്ടായ മാറ്റം വളരെ വേഗത്തിലും അസൂയാവഹവുമായിരുന്നു. സീഡ് പ്രവർത്തനം ഇപ്പോൾ എൽ.പി. സ്കൂളുകളിലേക്കും വ്യാപിക്കുകയാണ്. സമസ്തമേഖലയിലും കുട്ടികളിൽ മാറ്റം പ്രകടമാണ്. മനുഷ്യത്വപരമായ കാഴ്ചപ്പാടുകൾ വളർത്തുക, പരിസ്ഥിതിബോധം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസമേഖലയുടെ തനതായ പ്രവർത്തനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയിലാണ് സീഡിന്റെ മുന്നേറ്റം. കുട്ടികളെ പാഠഭാഗങ്ങളിൽ തളച്ചിടാതെ പ്രകൃതിസ്നേഹത്തോടും കൃഷിയോടും ബന്ധിപ്പിക്കുകയും പരസ്പരസ്നേഹത്തിലും സഹകരണത്തിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുകയുംചെയ്യുന്നതാണ് സീഡിന്റെ ഇടപെടലുകളെന്നും ഡി.ഇ.ഒ. പറഞ്ഞു. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് നല്കാനുള്ള നാടൻ അരിയുണ്ട ഡി.ഇ.ഒ. കഴിഞ്ഞവർഷം കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ മികച്ച സീഡ് കോ ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആനയിടുക്ക് എച്ച്.ഐ. സ്കൂളിലെ സഫ്രീന ബഷീറിന് കൈമാറി. ഫെഡറൽ ബാങ്ക് എ.ജി.എം. വി.ഒ.പാപ്പച്ചൻ സംസാരിച്ചു. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ ശില്പശാല നയിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജോബി പി.പൗലോസ് സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.

വായനവാരം ആചരിച്ചു


മുണ്ടേരി: മുണ്ടേരി സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ ജൂണ്‍ 19 മുതല്‍ 25 വരെ വായനവാരം, കഥാരചന, കവിതാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, സാഹിത്യക്വിസ്, പത്രവാര്‍ത്തക്വിസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു. പത്രവാര്‍ത്തക്വിസില്‍ കെ.ശ്യാംദേവ് ഒന്നാംസ്ഥാനവും സജുഷ് കെ.ശ്യാംപ്രകാശ് രണ്ടാംസ്ഥാനവും നേടി.


കണ്ണൂര്‍: തിലാന്നൂര്‍ യു.പി. സ്‌കൂളിലെ വായനവാരാചരണത്തിന്റെ സമാപനവും പ്രഭാത് കോരന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും ചേലോറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.റോജ നിര്‍വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനം ഡോ. അജിത്ത് വിശ്വമൈത്രി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷീബ ഷാജി അധ്യക്ഷതവഹിച്ചു. വി.അരവിന്ദാക്ഷന്‍, കെ.രാജിത്ത്, പ്രഥമാധ്യാപകന്‍ പി.വി.പങ്കജന്‍, കെ.മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മണ്ണുകൊണ്ട് മരംതീര്‍ത്ത് ഉദ്ഘാടനം


കണ്ണൂര്‍: ദേവത്താര്‍ക്കണ്ടി ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഥമാധ്യാപകന്‍ എം.ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കുട്ടികള്‍ ശേഖരിച്ചുകൊണ്ടുവന്ന മണ്ണുകൊണ്ട് മരമുണ്ടാക്കിയായിരുന്നു ഉദ്ഘാടനം. 
എ.ശശീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മണ്ണും ജൈവകൃഷിയും എന്ന വിഷയത്തില്‍ എം.കെ.ആനന്ദകൃഷ്ണന്‍ പ്രഭാഷണം നടത്തി. കെ.പി.മനോജ്കുമാര്‍, കെ.പി.ഗീത, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍, കണ്‍വീനര്‍ എം.അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌


കണ്ണൂര്‍: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ. എയ്ഡഡ് സ്ഥാപനങ്ങളില്‍ എട്ടാംതരം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പത്താംതരത്തിനുശേഷമുള്ളവര്‍ യോഗ്യതാപരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റുസഹിതം ആഗസ്ത് 31-ന് മുമ്പ് കക്കാട് റോഡിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 

ദുരന്തനിവാരണം 

മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ഏറ്റെടുത്തു നടത്തണം



ഈ വര്‍ഷത്തെ കാലവര്‍ഷം ശക്തിപ്രാപിച്ചു. കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടാവുന്ന ശക്തമായ കാറ്റിലും മഴയിലും അപകടകരമായി വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ വീണ് വിലപ്പെട്ട ജീവനും സ്വത്തിനും നാശമുണ്ടാകുന്നതായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്കൂള്‍ അധികൃതരും മറ്റ് പൊതു അധികാരികളും   അടിയന്തിരമായി  ഏറ്റെടുത്തു നടത്തേണ്ട പ്രവത്തനങ്ങള്‍ സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്റ്റര്‍  ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ കലക്റ്ററുടെ നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍വരുത്തുന്നതിനു എല്ലാ പധനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഇതുസംബന്ധിച്ചുള്ള ജില്ലാ കലക്റ്ററുടെ ഉത്തരവ് ചുവടെ.

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നു. 2012 ജനുവരി ഒന്നു മുതല്‍ 2014 ഡിസംബര്‍ 31 വരെയുള്ള മൂന്ന് വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ജൂലൈ എട്ടിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക്.....

തുല്യതാപരീക്ഷ എസ്.എസ്.എല്‍.സിക്ക് തുല്യം


പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയുള്ള നിയമനങ്ങള്‍, തസ്തികമാറ്റം മുഖേനയുള്ള നിയമനങ്ങള്‍, സ്ഥാനക്കയറ്റം തുടങ്ങിയവക്ക് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ എസ്.എസ്.എല്‍.സി. യ്ക്ക് തത്തുല്യമായി അംഗീകരിച്ച് ഉത്തരവായി. 

വ്യക്തിത്വ വികസന ക്യാമ്പ് : അപേക്ഷാതീയതി നീട്ടി

മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് പാസ്‌വേര്‍ഡ് 2015 -16 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30-വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60% മാര്‍ക്ക് നേടിയവര്‍ക്കാണ് ക്യാമ്പിലേക്കുള്ള പ്രവേശനം. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയുടെ മാര്‍ക്കും മറ്റുള്ളവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റുകളിലേക്കാണ് പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ പാസ്‌വേഡ് 2015 - 16 എന്ന് എഴുതിയിരിക്കണം. അപേക്ഷാഫോറം www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

Wednesday, July 1, 2015

വിദ്യാര്‍ഥികള്‍ ഒന്നാംവിള നെല്‍ക്കൃഷിയിറക്കി





തളിപ്പറമ്പ്: പങ്കാളിത്തഗ്രാമമായ ചവനപ്പുഴയില്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ പാടത്തിറങ്ങി. യുവതലമുറ കൃഷിയില്‍ മടിച്ചിരിക്കുമ്പോഴാണ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊേക്കഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വയലിലേക്കിറങ്ങിയത്. സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെയും അഗ്രിക്ലൂബ്ബിന്റെയും അംഗങ്ങള്‍ ചവനപ്പുഴ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ ഒന്നാംവിള നെല്‍ക്കൃഷി ചെയ്യാനാണ് പാടത്തിറങ്ങിയത്. പാടശേഖരസമിതി പ്രസിഡന്റ് കെ.വി.രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ വി.രമ, പി.വി.രാജേഷ്, സുനിത ശീതള്‍, അശ്വതി, മെയ്ജിന്‍ എന്നിവര്‍ നേതൃത്വം നല്കി.

അധികൃതര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും


കണ്ണൂര്‍: ഇന്റേണല്‍ സപ്പോര്‍ട്ട്മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ സന്ദര്‍ശനത്തിന് അധികാരപ്പെടുത്തിയിരിക്കുന്ന ഓഫീസര്‍മാര്‍ വ്യാഴാഴ്ചകളില്‍ മുന്‍കൂര്‍ അറിയിപ്പുനല്‍കാതെ സ്‌കൂള്‍ സന്ദര്‍ശിക്കും. ഈ ദിവസങ്ങളില്‍ സ്‌കൂളുകളിലെ മറ്റു പരിപാടികള്‍ ഒഴിവാക്കണമെന്നും എല്ലാ അധ്യാപകരും നിര്‍ബന്ധമായും സ്‌കൂളില്‍ ഹാജരാകണമെന്നും ഡി.ഡി.ഇ. അറിയിച്ചു. 

ചിത്രരചനാ മത്സരം

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സഹകരണദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ നാലിന് അന്തര്‍ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അതാതു ജില്ലകളിലെ സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകള്‍, കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാരുമായി ബന്ധപ്പെടണം. 

അംഗന്‍വാടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ സൌകര്യമൊരുക്കാന്‍ സര്‍ക്കാര്‍ അനുമതി 

സര്‍ക്കാര്‍ സ്കൂളുകളില്‍ അംഗന്‍വാടി കെട്ടിട നിര്‍മാണത്തിന് സ്ഥലം അനുവദിക്കുന്നതിനും സ്ഥലസൌകര്യമില്ലത്ത സ്കൂളുകളില്‍ ക്ലാസ് റൂം ഒഴിവുള്ള പക്ഷം ചില നിബന്ധനകള്‍ക്ക് വിധേയമായി ക്ലാസ് റൂം  വിട്ടുനല്‍കുന്നതിനും അനുമതിനല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

ഒ.ഇ.സി. ലംപ്‌സംഗ്രാന്റ് വിതരണം ഓണ്‍ലൈനാവുന്നു

ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം 2015-16 മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിജ്ഞാപനം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ 30 വരെ ഐ.റ്റി@സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്

Smart Children - ഒരുക്കം 2015

നിര്‍ദേശങ്ങള്‍ 

പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉറപ്പുവരുത്തുന്നതിനായി Smart Children എന്ന പേരില്‍ വിവിധ പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നു. ഇതിന്‍റെ ഭാഗമായി ഒരുക്കം 2015 എന്ന പ്രവര്‍ത്തന പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഈ പാക്കേജിന്‍റെ നിര്‍വഹണത്തിന് എല്ലാ പ്രധാനദ്ധ്യാപകരും ഫലപ്രദമായ നേതൃത്വം നല്‍കാന്‍ നിര്‍ദേശിക്കുന്നു. 

ജൂലൈ മാസത്തെ പ്രവര്‍ത്തന കലണ്ടര്‍

2015 ജൂലൈ മാസത്തെ പ്രവര്‍ത്തന കലണ്ടര്‍ കണ്ണൂര്‍ DIET പ്രസിദ്ധീകരിച്ചു. അതനുസരിച്ചുള്ള ചിട്ടയായ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 


മുന്നേറ്റം 2015-16

പ്രവര്‍ത്തന മാര്‍ഗരേഖകള്‍

പ്രൈമറി ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ DIET നടപ്പിലാക്കുന്ന പദ്ധതിയായ മുന്നേറ്റം 2015-16 സംബന്ധിച്ച  പ്രവര്‍ത്തന മാര്‍ഗരേഖകള്‍ ചുവടെ. അതനുസരിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും ഏറ്റെടുത്തു നടത്തുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

ഗവ. പ്രൈമറി വിഭാഗം അദ്ധ്യാപകര്‍ 

  സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു

2015-16 വര്‍ഷത്തെ ഗവ. പ്രൈമറി വിഭാഗം അദ്ധ്യാപകര്‍ക്ക്  സ്ഥലംമാറ്റം നല്‍കികൊണ്ട് കണ്ണൂര്‍ DDE 20/6/2015 ന് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.