Monday, May 23, 2016

വിവരാവകാശം : ആദ്യ അപേക്ഷയില്‍ മാത്രം ഫീസ് അടച്ചാല്‍ മതി


പൊതുജനങ്ങളില്‍ നിന്നും കമ്മീഷന്‍ മുമ്പാകെ ലഭിക്കുന്ന പരാതിക്കും അപ്പീലിനും ഒപ്പം അപേക്ഷകന്‍ ഫീസ് ഒടുക്കുന്നതായി വിവരാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഫീസ് ഒടുക്കുന്നത് പൊതുവിവരാവകാശ അധികാരി മുമ്പാകെ സമര്‍പ്പിക്കുന്ന ആദ്യ അപേക്ഷയില്‍ മാത്രമേ ആവശ്യമുളളുവെന്നും നിയമത്തിന്റെ 18-ാം വകുപ്പനുസരിച്ച് കമ്മീഷന്‍ മുമ്പാകെ ഫയല്‍ ചെയ്യുന്ന പരാതികള്‍ക്കോ 19-ാം വകുപ്പനുസരിച്ച് ഫയല്‍ ചെയ്യുന്ന അപ്പീലുകള്‍ക്കോ ഫീസ് ഒടുക്കേണ്ടതില്ല എന്നും കമ്മീഷന്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള കാര്യങ്ങളില്‍ ഫീസായി പോസ്റ്റല്‍ ഓര്‍ഡറുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ സ്വീകരിക്കുന്നതല്ലെന്നും കമ്മീഷന്‍ അറിയിച്ചു. 2005 ലെ വിവരാവകാശ നിയമമനുസരിച്ച് വിവരം ലഭിക്കുന്നതിനുളള അപേക്ഷയോടൊപ്പം സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരമുളള ചട്ടങ്ങളില്‍ നിര്‍ണയിച്ചിട്ടുളള ഫീസ് ഒടുക്കണമെന്നാണ് നിയമത്തിലെ ആറാം വകുപ്പ് വ്യക്തമാക്കുന്നത്. നിയമത്തിലെ 27-ാം വകുപ്പനുസരിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയ 2006 ലെ Kerala Right to Information (Regulation of Fee and Cost) Rules അനുസരിച്ച് 10 രൂപയാണ് അപേക്ഷാ ഫീസ് . ഈ ഫീസ് കോര്‍ട്ട് ഫീ സ്റ്റാമ്പ്, സര്‍ക്കാര്‍ ട്രഷറിയില്‍ 0070-60-118-99 receipts under the RTI Act 2005 എന്ന ശീര്‍ഷകത്തില്‍ അടച്ച ചെലാന്‍, പൊതുഅധികാരസ്ഥാനത്ത് തുക ഒടുക്കുകയോ പൊതുഅധികാരിയുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ എന്നിവ വഴിയായി ഒടുക്കുകയോ ചെയ്യാം. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളില്‍ നേരിട്ടോ ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ രീതിയിലോ വിവരാവകാശ അപേക്ഷ ഫീസ് ഒടുക്കാം. 

No comments:

Post a Comment