Monday, September 26, 2016

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍



ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒ ക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാതല മത്സരങ്ങളും, എട്ടാം തീയതി സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്‍.പി/യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയെയും, വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും, കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ തലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീം ആയിരിക്കും ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്കുവരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തിലും പങ്കെടുക്കാം. പ്രസംഗ മത്സരവും ഉപന്യാസ മത്സരവും മലയാള ഭാഷയിലായിരിക്കും. ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ആദ്യ മൂന്നു സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഒക്ടോബര്‍ എട്ടിന് വൈകിട്ട് നാലിന് തേക്കടിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ നല്‍കും. വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുമായോ, സംസ്ഥാന ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായോ (ഫോണ്‍ : 0471 - 2529319/2529312/2529323) ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായോ (ഫോണ്‍ : 0471 - 2529143/2529144) ബന്ധപ്പെടണം.

No comments:

Post a Comment