Wednesday, September 7, 2016





കണ്ണൂര്‍ :  ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ക്ലാസ്സുകളിലെ പഠന നിലവാരം ഉയര്‍ത്താനുള്ള ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിക്ക് പദ്ധതിരേഖ കൈമാറി പി.കെ. ശ്രീമതി ടീച്ചര്‍ എം.പി സമഗ്ര പദ്ധതിയുടെ നിര്‍വണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായിരുന്നു.
ജില്ലയിലെ 3 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും ഒരു ഹയര്‍ സെക്കന്ററി സ്‌കൂള്‍ വീതം തെരഞ്ഞെടുത്ത് 24 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന നടപടികള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. അടുത്ത നാലു വര്‍ഷത്തിനിടയില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കും. ഈ വര്‍ഷം ഒക്‌ടോബറോടെ ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് പദ്ധതിരേഖ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ജില്ലാതലത്തില്‍ ആശയരൂപീകരണ ശില്‍പശാല സംഘടിപ്പിക്കും. പൂര്‍വവിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, എസ്.എം.സി, പി.ടി.എ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്‌കൂള്‍ തലകൂട്ടായ്മ സംഘടിപ്പിക്കുകയും സ്‌കൂള്‍ തല കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും.
8, 9 ക്ലാസ്സുകളില്‍ ഇംഗ്ലീഷില്‍ ആത്മവിശ്വാസത്തോടെ ആശയവിനിമയം സാധ്യമാക്കുന്നതിനുളള വിപുലമായ പരിശീലന പരിപാടികളും പദ്ധതിയിലുണ്ട്. ഇതിനായി അധ്യാപക ശില്‍പശാലയും വിദ്യാര്‍ഥികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി പ്രത്യേക പഠനക്യാംപുകളും സംഘടിപ്പിക്കും. ഇതോടൊപ്പം മാതൃഭാഷ, ഗണിതം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലും മികച്ച പരിശീലനം നല്‍കും. ഈ വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ്, അധ്യാപക ശില്‍പശാലകള്‍, കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍, ലൈബ്രറി പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, മല്‍സരങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസ്സുകളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക ജില്ലാതല മോണിറ്ററിംഗ് സമ്പ്രദായവും ഏര്‍പ്പെടുത്തും. വിവിധ വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗ്, പരീക്ഷാ പരിശീലനങ്ങള്‍, ആത്മവിശ്വാസം ഉയര്‍ത്തുന്നതിനുള്ള കൗണ്‍സലിംഗ് പരിപാടികള്‍, രക്ഷാകര്‍തൃ ബോധവല്‍ക്കരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. മൂന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളില്‍ മാതൃഭാഷ, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത പരിപാടികള്‍ സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, യോഗ ഉള്‍പ്പെടെയുള്ള മാനസിക-കായിക വികസന പരിപാടികള്‍,  നീന്തല്‍, കളരി, കരാട്ടെ പരിശീലനം, പെണ്‍കിട്ടികള്‍ക്കായുള്ള പ്രത്യേക കായിക ശാക്തീകരണ പരിപാടികള്‍, പട്ടിക വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രത്യേക പഠന പോഷണ പരിപാടികള്‍, തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രൊജക്ടുകളും നടപ്പാക്കും.

കഴിഞ്ഞവര്‍ഷം ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള ഉപഹാരം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വിതരണം ചെയ്തു.
ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. ജയബാലന്‍ മാസ്റ്റര്‍, വി.കെ. സുരേഷ് ബാബു, കെ. ശോഭ, ടി.ടി. റംല, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment