Tuesday, March 1, 2016

സ്‌കൂളുകളില്‍ പകരം സംവിധാനത്തിന് പാനല്‍ തയ്യാറാക്കി അദ്ധ്യാപകരെ നിയോഗിക്കണം


സംസ്ഥാനത്തെ സര്‍ക്കാര്‍ / എയിഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ അവധി എടുക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി യോഗ്യരായ അധ്യാപകരുടെ പാനല്‍ തയ്യാറാക്കണെമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള ക്‌ളാസുകളില്‍ വിദ്യാഭ്യാസാവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിരക്കുന്ന അധ്യയന മണിക്കൂറുകള്‍ ലഭിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പു വരുത്തണം. ഒന്നുമുതല്‍ അഞ്ചു വരെ ക്‌ളാസുകളില്‍ പ്രതിവര്‍ഷം 1,000 മണിക്കൂറും അധ്യയനം വേണമെന്നാണ് വിദ്യാഭ്യാസാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കുന്നതിനായി, മൂന്നു ദിവസത്തിലധികം അധ്യാപകര്‍ ഇല്ലാത്ത പക്ഷം പാനലില്‍ നിന്ന് അധ്യാപകരെ നിയോഗിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് അനുവാദം നല്‍കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഡയറക്ടറോയും ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍. പി, യു. പി. ഹൈസ്‌കൂള്‍ എന്നിങ്ങനെ സബ്ജില്ലാതലത്തിലാണ് പാനല്‍ തയ്യാറാക്കേണ്ടത്. പാനല്‍ എല്ലാവര്‍ഷവും പുതുക്കേണ്ടതും പ്രധാനാധ്യാപകര്‍ക്ക് ലഭ്യമാക്കേണ്ടതുമാണ്. പാനലിലേക്ക് പരിഗണിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ പഞ്ചായത്തിലും പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് യോഗ്യരായരവര്‍ക്ക് അവസരം നല്‍കണം. ഇങ്ങനെ നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസവേതനം നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, അംഗം ഗ്‌ളോറി ജോര്‍ജ് എന്നിവരുടെ ഉത്തരവ്. 

No comments:

Post a Comment