Thursday, March 17, 2016


മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്‌കാരം ശ്രീകണ്ഠാപുരം ഗവ.എച്ച്എച്ച്എസിന്


കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്‌കാരത്തിന്റെ നിറവുമായി ശ്രീകണ്ഠാപുരം ഗവ.എച്ച്എസ്എസ്. പ്രകൃതി സംരക്ഷണത്തിന് സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ശ്രീകണ്ഠാപുരം നഗരസഭയുടെ കീഴില്‍ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ പാര്‍ക്കിന്റെ സംരക്ഷണമാണ് ഇതില്‍ പ്രധാനം. ജൈവവൈവിധ്യ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടെ നിരവധി അപൂര്‍വ ഇനം പക്ഷികളെയും ചിത്രശലഭങ്ങളെയും കണ്ടെത്തിയിരുന്നു. 676 ഇനം സസ്യങ്ങളാണ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ വച്ചു പിടിപ്പിച്ചിട്ടുള്ളത്. അപൂര്‍വ ഇനം സസ്യങ്ങളുടെ സാമീപ്യം കൊണ്ട് വിവിധതരം ചിത്രശലഭങ്ങളും പക്ഷികളും ഇവിടെയെത്തുന്നുണ്ട്. 46 ഇനം ചിത്രശലഭങ്ങളും, 37 ഇനം പക്ഷികളും ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
മനോരഞ്ജിനി, പെരുങ്കുരുമ്പ, നീല അണലിവേഗം, ഗുഗ്ഗുലു, കുന്തിരിക്കം, പനച്ചി, രുദ്രാക്ഷം, നാഗവള്ളി, എണ്ണപ്പന്‍ തുടങ്ങിയ അപൂര്‍വ്വ ഇനം സസ്യങ്ങള്‍ ഈ പാര്‍ക്കിലുണ്ട്. ഏകവര്‍ഷികള്‍, കുറ്റിച്ചെടികള്‍, ഔഷധികള്‍, വന്‍വൃക്ഷങ്ങള്‍, വള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയും ഇവിടെ വളരുന്നു. ചിത്രശലഭങ്ങളുടെ ലാര്‍വ ഭക്ഷണമാക്കുന്ന സസ്യങ്ങള്‍ പാര്‍ക്കിലുണ്ട്. അപൂര്‍വ ഇനം ചിത്രശലഭങ്ങളായ മതേട്ടി ശലഭം, ഗരുഡശലഭം, കളര്‍ സര്‍ജന്റ്, ആട്ടക്കാരി, കനിത്തൂരപ്പന്‍ തുടങ്ങിയവയും ഇവിടെയുണ്ട്.
ആദ്യവര്‍ഷങ്ങളില്‍ സ്വകാര്യ നഴ്‌സറികളില്‍ നിന്ന് ശേഖരിച്ച ഔഷധ സസ്യങ്ങളാണ് പാര്‍ക്കില്‍ വച്ച് പിടിപ്പിച്ചത്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച അപൂര്‍വ സസ്യങ്ങള്‍ പാര്‍ക്കിന്റെ ഭാഗമായി. നക്ഷത്രവൃക്ഷങ്ങള്‍, ദലപുഷ്പങ്ങള്‍, ദശമൂലം എന്നീ വിഭാഗങ്ങളില്‍ പെടുന്ന ചെടികളും ഇവിടെയുണ്ട്. സസ്യവൈവിധ്യത്തിലുണ്ടായ വര്‍ധനവ് ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ഇനത്തിലും എണ്ണത്തിലും വര്‍ധനവുണ്ടാക്കി.

No comments:

Post a Comment