Saturday, March 26, 2016

വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുത്


വിദ്യാഭ്യാസാവകാശനിയമത്തിലെ സ്‌കൂളുകളുടെ അംഗീകാരം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഒരു സ്‌കൂളും അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസസെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ നിര്‍ദ്ദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, അംഗം സന്ധ്യ.ജെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഒരു അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രവര്‍ത്തനം വിദ്യാഭ്യാസാവകാശ നിയമത്തിന് എതിരാണെന്ന് കാട്ടി ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഈ സ്ഥാപനത്തിന് നിയമം അനുസരിച്ചുളള അംഗീകാരം ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകാരം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി മേല്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

No comments:

Post a Comment