Saturday, June 4, 2016

ജൂണ്‍ 5

പരിസ്ഥിതി ദിന സന്ദേശം



വീണ്ടുമൊരു പരിസ്ഥിതി ദിനാഘോഷത്തിലേക്ക് നാം മടങ്ങുകയാണ്. ആഘോഷത്തിനപ്പുറം യാഥാര്‍ത്ഥ്യത്തിന്‍റെ വാതിലുകളാണ് നമുക്ക് തുറക്കേണ്ടത്. മുന്‍കാല പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വമ്പന്‍ നേട്ടങ്ങളൊന്നുമില്ലെങ്കിലും പരിസ്ഥിതി സംരക്ഷകരായ മനസ്സുകളെ സൃഷ്ടി ച്ചെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.


ഈ വര്‍ഷവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ കുട്ടികളെ സജീവമാക്കെണ്ടാതുണ്ട്. ബാഡ്ജ് നിര്‍മ്മാണം, പോസ്റ്റര്‍ രചന, ചാര്‍ട്ട് നിര്‍മ്മാണം, വൃക്ഷത്തൈ നടീല്‍, പരിസ്ഥിതി ദിന ക്വിസ് തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങള്‍ നമുക്ക് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയണം. പരിസ്ഥിതി സംരക്ഷകരായും പരിസ്ഥിതി സൌഹൃദ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതിനും ഓരോ വിദ്യാലയവും വേറിട്ട തനത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം.


ഏറെ പ്രശ്നങ്ങള്‍ക്കിട നല്‍കുന്ന മഴക്കാലം കഴിച്ചുകൂട്ടുക എന്നത് ശ്രമകരമാണ്. മഴക്കാല ശുചീകരണവും മലിനീകരണ നിയന്ത്രണവും വിദ്യാലയങ്ങളില്‍ ജാഗ്രതയോടെ ചെയ്യണമെന്നതും ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുന്നു. PTA, SMC എന്നിവയുടെ സഹകരണവും സഹായവും നമുക്ക് ഇക്കാര്യത്തില്‍ തേടാം.


ഈ വര്‍ഷത്തെ പരിസ്ഥിതി ദിന പ്രവര്‍ത്തങ്ങള്‍ മികവുറ്റതാക്കി മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കാന്‍ പാകത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. കുട്ടികളിലും പൊതുജനങ്ങളിലും ഈ ദിനത്തിന്‍റെ പ്രത്യേകത എത്തിച്ചുകൊടുക്കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയണം.


മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിക്കാനുതകുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിച്ച് അവരെ പാകപ്പെടുത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കണം.

പ്രകൃതി സ്നേഹികളായ ഒരു ജനതയെ കെട്ടിപ്പടുക്കുന്നതില്‍ നമുക്കും പങ്കാളികളാകാം.

No comments:

Post a Comment