Saturday, July 30, 2016

കുട്ടികള്‍ക്കായുള്ള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കുട്ടികള്‍ക്കായുള്ള 2016-ലെ ദേശീയ ധീരതാ പ്രവര്‍ത്തനത്തിന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ നല്‍കുന്ന രാഷ്ട്രപതിയുടെ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവാര്‍ഡുകള്‍ക്കുമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശു ക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസിനുമിടയ്ക്കുള്ള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകത്യങ്ങള്‍ ഇവക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരവുമായ പരിക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ തന്നെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്പദമായ സംഭവം നടന്നത് 2014 ജൂലൈ ഒന്നിനും 2015 ജൂണ്‍ 31-നും ഇടക്കായിരിക്കണം. ഭാരത് അവാര്‍ഡ്, ഗീതാ ചോപ്രാ അവാര്‍ഡ്, സഞ്ജയ് ചോപ്രാ അവാര്‍ഡ്, ബാപ്പു ഗയധാനി അവാര്‍ഡ് (3 എണ്ണം) ജനറല്‍ അവാര്‍ഡ് എന്നിവയാണ് ദേശീയ ബഹുമതികള്‍. മെഡലും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ വഹിക്കും. അവാര്‍ഡിനര്‍ഹരായ കുട്ടികളെ ശിശുദിനത്തില്‍ പ്രഖ്യാപിക്കും. അപേക്ഷകരെ ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന അവാര്‍ഡിനും പരിഗണിക്കും. ദേശീയ അവാര്‍ഡിനായി കേരളത്തില്‍ നിന്നുമുള്ള അപേക്ഷകര്‍ ശിശുക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്. സാമൂഹ്യ ക്ഷേമ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ് എന്നീ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും കുട്ടികളുടെ പേര് ശുപാര്‍ശ ചെയ്യാം. തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ശിശുക്ഷേമ സമിതിയുടെ ഓഫീസില്‍ നിന്നും നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ വാങ്ങാം. തപാല്‍ മുഖേന ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ പത്ത് രൂപയുടെ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി. ഒ, തിരുവനന്തപുരം- 695 014 വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോറം ആഗസ്റ്റ് 31 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ അവാര്‍ഡിനര്‍ഹമായ പ്രവര്‍ത്തി, അവയുടെ പത്രവാര്‍ത്തകള്‍ ഇവ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കി മറ്റു ബന്ധപ്പെട്ട രേഖകളോടൊപ്പം ( 3 പകര്‍പ്പും, 3 ഫോട്ടോയും) അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശു ക്ഷേമ സമിതി, തൈക്കാട് പി. ഒ, തിരുവനന്തപുരം- 695014 വിലാസത്തില്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് (National / State Bravery Award for children 2015) എന്ന് രേഖപ്പെടുത്തിയിരിക്കണം. 

No comments:

Post a Comment