Sunday, January 24, 2016

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കേരളം ഒരുങ്ങി


തിരുവനന്തപുരം : അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 29ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫിബ്രവരി രണ്ടിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്കി.
ടീമുകളെ സ്വീകരിക്കാന്‍ കോഴിക്കോട്,ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക സ്വീകരണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 27 മുതല്‍ ബി.ഇ.എം ഗേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങും.രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഒരു കൗണ്ടര്‍ എന്ന രീതിയില്‍ 16 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.മേളയുടെ പ്രചരണത്തിനായി 30 കമാനങ്ങള്‍, ദേശീയ അന്തര്‍ദേശീയതാരങ്ങളുടെ കട്ടൗട്ടുകള്‍ എന്നിവ സ്ഥാപിക്കും.  നഗരത്തില്‍ നിന്നു മെഡിക്കല്‍ കോളേജുവരെ ബഹുവര്‍ണ കൊടികളുയര്‍ത്തും. 2700 മത്സരാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്ന 500 അധ്യാപകര്‍ക്കും സിറ്റി, നടക്കാവ് ,മെഡിക്കല്‍ കോളേജ്, കുറ്റിക്കാട്ടൂര്‍, തൊണ്ടയാട് എന്നിവിടങ്ങളില്‍ താമസസൗകര്യമൊരുക്കും.

പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകത്തിന് നേതൃത്വം നല്‍കുക. ഒളിമ്പ്യന്‍ പി.ടി ഉഷ പഠിച്ച തൃക്കോട്ടൂര്‍ യു.പി സ്‌കൂളില്‍ നിന്നും പുറപ്പെടുന്ന ദീപശിഖാ റാലി 28ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സമാപിക്കും. സംഘാടകസമിതി കണ്‍ട്രോള്‍ റൂം നമ്പര്‍ : 9446633963, 9946409002

No comments:

Post a Comment