Saturday, August 6, 2016

സംരക്ഷിത അദ്ധ്യാപക പുനര്‍ വിന്യാസം: നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു



തസ്തിക നഷ്ടം സംഭവിച്ച സംരക്ഷിതാദ്ധ്യാപകരുടെ പുനര്‍വിന്യാസം,2016-17 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് സംരക്ഷിതാദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരെ ചുവടെ പറയുന്ന രീതിയില്‍ പുനര്‍വിന്യസിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന എല്‍.പി/യു.പി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരെ സഹായിക്കുന്നതിനും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എ തുടങ്ങിയ പ്രൊജക്ടുകള്‍ ഉള്‍പ്പെടെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടിട്ടുളള എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകളിലും, എസ്.എസ്.എയുടെ കീഴില്‍ പഞ്ചായത്ത് തല ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായും(ഒരേ മാനേജ്‌മെന്റിന് കീഴിലുളള അദ്ധ്യാപകര്‍ തമ്മിലുളള സീനിയോറിറ്റി പാലിച്ച്)നിയമിക്കാം. ആര്‍.ടി.ഇ ആക്ടനുസരിച്ച് കീഴിലുളള എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കേണ്ടതിനാല്‍ പുനര്‍ വിന്യസിക്കപ്പെടേണ്ടുന്ന കലാ കായിക പ്രവര്‍ത്തി പരിചയം തുന്നല്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ ഒന്നിലധികം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ ക്ലബ് ചെയ്തുകൊണ്ട് നിയമിക്കേണ്ടതാണ്. അങ്ങനെ ക്ലബ് ചെയ്യുമ്പോള്‍ യു.പി.വിഭാഗത്തില്‍ നിയമിച്ചവരെ അതിന്റെ തന്നെ എല്‍.പി.വിഭാഗത്തിലും തിരിച്ചും വിന്യസിക്കാം. ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ അധികം വരുന്ന ഒഴിവുകളിലും ഐ.റ്റി.@സ്‌കൂളില്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ തുടരുന്ന അദ്ധ്യാപകര്‍ക്ക് പകരവും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുളള അക്കാദമിക മോണിറ്ററിംഗ് സമിതികളില്‍് നിയമിക്കപ്പെടുന്ന എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് പകരവും (ക്ലാസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍), തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍/അനദ്ധ്യാപകരായ ജനപ്രതിനിധികളുടെ ദീര്‍ഘകാല അവധി ഒഴിവുകള്‍ ഉള്‍പ്പെടെ എയ്ഡഡ് അദ്ധ്യാപക/അനദ്ധ്യാപകരുടെ മൂന്ന് മാസത്തിലധികമുളള എല്ലാ അവധി ഒഴിവുകളിലും, ഇന്‍സര്‍വ്വീസ് കോഴ്‌സുകള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് പകരവും (മൂന്ന് മസത്തില്‍ കൂടുതലുളള ഒഴിവില്‍), പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്ലാത്ത തസ്തികകളില്‍ റഗുലര്‍ നിയമനം നടക്കുന്നതുവരെയും, പുതുതായി ആരംഭിച്ച/അപ്‌ഗ്രേഡ് ചെയ്ത എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 വര്‍ഷം മുതല്‍ ഉണ്ടാകുന്ന ഒഴിവുകളിലും അനദ്ധ്യാപക സംരക്ഷിത ജീവനക്കാരെ എസ്.എസ്.എ, ആര്‍.എം.എസ്.എ തുടങ്ങിയ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിലെ ഒഴിവുകളിലും വിന്യസിക്കേണ്ടതാണ്. പുനര്‍ വിന്യാസത്തിന് ഏതെങ്കിലും തസ്തികയിലോ കാറ്റഗറിയിലോ ഒരു ജില്ലയില്‍ സംരക്ഷിത അദ്ധ്യാപകന്‍ ലഭ്യമല്ലായെങ്കില്‍ ഇതര ജില്ലയിലെ സംരക്ഷിത അദ്ധ്യാപക പട്ടികയില്‍ നിന്നും ലഭ്യമാക്കാനുളള ക്രമീകരണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിക്കണം. 2015-16 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം തന്നെ 2016-17 അധ്യയന വര്‍ഷവും ബാധകമായിരിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കെ.ഇ.ആറില്‍ ആവശ്യമായ ഭേദഗതികള്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

No comments:

Post a Comment