Monday, May 18, 2015

സ്കൂള്‍ പഠനത്തിന് ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിവരവിനിമയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടെക്സ്റ്റ്ബുക്കുകള്‍ രസകരവും കൂടുതല്‍ വിജ്ഞാനപ്രദവും ആക്കാന്‍ തീരുമാനം. പുസ്തകം പൂര്‍ണരൂപത്തില്‍ ഓണ്‍ലൈനിലാക്കി പാഠഭാഗങ്ങളില്‍ കൂടുതല്‍ ആശയവ്യക്തത വേണ്ടിടത്തു മാര്‍ക്കു ചെയ്യും. അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയൊ ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഇന്ത്യയില്‍ ഇതാദ്യമാണു സ്കൂള്‍ പാഠപുസ്തകങ്ങളിലെ വിവിധ വിഷയങ്ങളുടെ ക്ലാസും വിശദീകരണവും അതത് മേഖലയിലെ പ്രശസ്തരും പ്രഗത്ഭരും കുട്ടികള്‍ക്ക് നേരിട്ടു ലഭ്യമാക്കുന്നത്.

സാമൂഹിക പങ്കാളിത്തത്തോടെ പഠന വിഭവങ്ങള്‍ ശേഖരിച്ച് കുട്ടികള്‍ക്കു ലഭ്യമാക്കുന്ന ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്ക് സംവിധാനം സംസ്ഥാനത്തു നടപ്പാക്കുന്നതു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഐടി അറ്റ് സ്കൂള്‍ പ്രൊജക്റ്റാണ്. പ്രയാസമോറിയ പാഠഭാഗങ്ങള്‍ക്ക് അനേകം ആളുകളുടെ വ്യത്യസ്ത വിശദീകരണം ലഭിക്കുമെന്നതാണു ഡിസിടിയുടെ സവിശേഷത. പാഠപുസ്തകങ്ങളിലൂടെ കേട്ടറിവ് മാത്രം നേടിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള വിഡിയോ കണ്ടന്‍റുകള്‍ ഒരു പുതിയ അനുഭവമാകും. ഒരിക്കല്‍പോലും കാണാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത ശാസ്ത്രജ്ഞരെയും പണ്ഡിതരെയും വിദ്യാഭ്യാസ വിചക്ഷണരെയും കാണുന്നതിനും അറിയുന്നതിനും ഇത് അവസരമൊരുക്കുന്നു. പെഴ്സണല്‍ കംപ്യൂട്ടറുകള്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ ഈ പാഠഭാഗങ്ങള്‍ ലഭ്യമാകും.

കുന്നംകുളം: പാഠങ്ങൾ മനഃപാഠമാക്കിയിരുന്ന വിദ്യാർഥികൾക്ക്‌ പുതിയ അദ്ധ്യയനവർഷം മുതൽ ഡിജിറ്റൽ പാഠപുസ്‌തകങ്ങൾ കൈകളിൽ എത്തും. കടലാസ്‌ പുസ്‌തകത്തിലെ വായനക്ക്‌ ഇനി വിദ്യാർഥികൾ വിടപറയും. സംസ്‌ഥാന സ്‌കൂൾ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ഡിജിറ്റൽ കൊളാബ്രേറ്റീവ്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ജൂൺ ആദ്യവാരം പുറത്തിറങ്ങും. 8, 9, 10 ക്ലാസുകളിൽ ഡിജിറ്റൽ പാഠപുസ്‌തകം അവതരിപ്പിക്കുന്നതിലൂടെ കേരളത്തിലെ വിദ്യാഭ്യാസമേഖലയ്‌ക്ക് പുതുമയുള്ളതും ആസ്വാദകരവുമായ അറിവിന്റെ നവ്യാനുഭവം നൽകാനൊരുങ്ങുകയാണ്‌ ഐ.ടി. അറ്റ്‌ സ്‌കൂളും വിദ്യാഭ്യാസവകുപ്പും. വിദ്യാർഥിയുടെ ബുദ്ധിയിലൊതുങ്ങാത്തതും യുക്‌തികൊണ്ട്‌ യോജിപ്പിച്ചെടുക്കാൻ പണിപ്പെടുന്നവയും മനഃപാഠമാക്കിയ വിദ്യാർഥിക്ക്‌ പ്രാഥമിക ഉറവിടത്തിൽ നിന്നുതന്നെ സംശയമില്ലാത്ത അറിവ്‌ ലഭിക്കാൻ കഴിയുന്നതാണ്‌ പുതിയ ഡിജിറ്റൽ പാഠപുസ്‌തകം. ഐ.ടി. അറ്റ്‌ സ്‌കൂൾ പ്രത്യേകം തയ്‌യാറാക്കിയ വെബ്‌സൈറ്റിൽ ഇവ അപ്‌ലോഡ്‌ ചെയ്‌തിരിക്കുകയാണ്‌. പാഠപുസ്‌തകത്തിൽ വിദ്യാർഥിയെ കുഴക്കുന്ന ഭാഗങ്ങൾ വിശദീകരിക്കാൻ ഹാർഡ്‌ സ്‌പോർട്ടുകൾ ഉണ്ടാകും. ഈ ഹാർഡ്‌ സ്‌പോട്ടുകളാണ്‌ പാഠപുസ്‌തക വായനയുടെ നവ്യാനുഭവം നൽകുന്നത്‌. മൗസ്‌ ഉപയോഗിച്ച്‌ ഇവിടെ ക്ലിക്ക്‌ ചെയ്‌യുന്പോൾ ആ വിഷയത്തെ കുറിച്ചുള്ള വിദഗ്‌ദ്ധർ തയ്‌യാറാക്കിയ നോട്ടുകളും വീഡിയോകളും ഓഡിയോകളും വായിക്കാനും കേൾക്കാനും കാണാനുമാകും. ഹാർഡ്‌ സ്‌പോട്ടുകൾ വഴി വിദ്യാർഥിക്ക്‌ ലഭിക്കുന്ന വിവരങ്ങൾ ലോകത്ത്‌ എവിടെ നിന്നും ആർക്കും അപ്‌ലോഡ്‌ ചെയ്‌യാനാവും. ഇത്തരം വിവരങ്ങൾ നേരെ ചെന്നെത്തുന്നത്‌ എസ്‌.സി.ഇ.ആർ.ടി. വിദഗ്‌ദ്ധർ പ്രത്യേകം നൽകുന്ന അക്കാദമിക്‌ സെന്ററിലെ സെർവറിലേക്കാണ്‌. ആയിരക്കണക്കിന്‌ അധ്യാപകർക്കും ഹാർഡ്‌ സ്‌പോട്ടിലൂടെ കുട്ടികളുമായി സംവദിക്കാനാവും. ഡിജിറ്റൽ പാഠപുസ്‌തകത്തിലൂടെ കൃഷി, സയൻസ്‌, കണക്ക്‌, സ്‌പോർട്‌സ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങി വിവിധമേഖലകളിൽ വ്യത്യസ്‌തമായ രീതിയിൽ ഓരോരുത്തരുമായി വിഷയങ്ങൾ പങ്കുവയ്‌ക്കുന്പോൾ വിദ്യാർഥികൾക്ക്‌ പെട്ടെന്ന്‌ ഗ്രഹിക്കാവുന്ന ആധികാരിക വിവരങ്ങൾ ലഭിക്കുന്ന ഒരു ലൈബ്രറിയായി ഡിജിറ്റൽ പാഠപുസ്‌തകം മാറും. സ്‌കൂളുകളിൽ കന്പ്യൂട്ടർ ലാബുകൾക്ക്‌ പുറമെ ഇ-ലേണിങ്‌ സെന്ററുകളും ആരംഭിക്കും. ഡിജിറ്റൽ പാഠപുസ്‌തകങ്ങൾ മൊബൈൽ ഫോണുകളിലും കന്പ്യൂട്ടറിലും ലഭിക്കാനുള്ള ആപ്ലിക്കേഷനും തയ്‌യാറായിട്ടുണ്ട്‌. വരും വർഷങ്ങളിൽ മുഴുവൻ ക്ലാസുകളുടെയും പാഠപുസ്‌തകങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്‌ മാറുമെന്ന്‌ അധികൃതർ പറഞ്ഞു. ഡിജിറ്റലിലൂടെ കവിയും ശാസ്‌ത്രജ്‌ഞന്മാരും കൃഷിക്കാരനും ഇനി നേരിട്ട്‌ വിദ്യാർഥികളുടെ മുന്നിലെത്തും. 

No comments:

Post a Comment