Friday, May 15, 2015

സേഫ് കേരള പദ്ധതി : ശുചിത്വ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും

പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വേനലവധി കഴിഞ്ഞ് തുറക്കുന്നതിനുമുമ്പ് വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും സഹകരണത്തോടെ, പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മെയ് 13 ന് 5,992 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നോട്ടീസ് നല്‍കി 1,789 സ്ഥാപനങ്ങളിലും അന്ന് പരിശോധന നടത്താത്ത സ്ഥാപനങ്ങളിലുമാണ് സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് പരിശോധന നടത്തുക. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ശുചിത്വകാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഉച്ചഭക്ഷണ പരിപാടിയുടെ ഗുണമേന്മ, അടുക്കള ശുചിത്വം, സുരക്ഷിതമായ ഭക്ഷ്യസംഭരണം, പാചകശുചിത്വം, കുടിവെള്ള ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിലും സ്‌കൂള്‍ പരിസരം പകര്‍ച്ചവ്യാധി വിമുക്തമാക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തിയ 6,018 സ്‌കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം പ്രവേശനാനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment