Wednesday, May 27, 2015

സ്‌കൂള്‍ ബസ്സുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് അറ്റന്‍ഡര്‍ നിര്‍ബന്ധം


കണ്ണൂര്‍: മഞ്ഞപ്പെയിന്റടിച്ച സ്‌കൂള്‍ബസ്സുകളില്‍ അറ്റന്‍ഡര്‍മാരെ നിര്‍ബന്ധമായും നിയോഗിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചു. ബസ്സ് നിര്‍ത്തിയാല്‍ റോഡ് മുറിച്ചുകടക്കേണ്ട കുട്ടികളെ സുരക്ഷിതമായി റോഡിന്റെ മറുഭാഗത്തേക്ക് കടത്തിവിടേണ്ടത് അറ്റന്‍ഡറുടെ ചുമതലയാണ്. കുട്ടികളുടെ സുരക്ഷനോക്കാന്‍ ഡ്രൈവറെക്കൂടാതെ മറ്റൊരാളെ എല്ലാ സ്‌കൂള്‍ വാഹനത്തിലും നിയോഗിക്കണമെന്നാണ് വ്യവസ്ഥ. ഇതുപാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌കൂള്‍ബസ്സുകളുടെ വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററില്‍നിന്ന് 50 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ സ്‌കൂള്‍ വാഹനങ്ങളും നിര്‍ബന്ധമായും വേഗപ്പൂട്ട് ഘടിപ്പിക്കേണ്ടതാണ്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ പങ്കെടുക്കാത്തവര്‍ക്കുവേണ്ടി സ്‌കൂള്‍ തുറന്നാലുടന്‍ വീണ്ടും പരിശോധന നടത്തും. പരിശോധനയ്ക്ക് ഹാജരാക്കാതെ സര്‍വീസ് നടത്തുന്ന സ്‌കൂള്‍ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹനവകുപ്പധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍ അവധിക്കാലത്ത് രണ്ടു മാസത്തോളം ഓടാതെ കിടന്ന വാഹനങ്ങള്‍ക്ക് പലവിധ കുഴപ്പങ്ങളുമുണ്ടാകാനിടയുണ്ട്. പണച്ചെലവോര്‍ത്ത് മിക്ക സ്‌കൂള്‍ അധികൃതരും ബസ്സുകളുടെ ശരിയായ പരിപാലനവും മറ്റും ചെയ്യാറില്ല. ഇവ കണ്ടുപിടിച്ച് വാഹനങ്ങള്‍ കുട്ടികളെ കയറ്റി സര്‍വീസ് നടത്താന്‍ യോഗ്യമാണെന്ന് നിശ്ചയിക്കാനാണ് പരിശോധനനടത്തുന്നത്.
2015 മെയ് മുതല്‍ റജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ക്ക് അപകടഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള എമര്‍ജന്‍സി വാതിലുകള്‍ നിര്‍ബന്ധമായും പിടിപ്പിക്കണം. മുന്നിലെയും പിന്നിലെയും ടയറുകള്‍ തമ്മില്‍ 300 സെന്റീമീറ്റര്‍ ദൈര്‍ഘ്യമുള്ള വാഹനങ്ങള്‍ക്കാണ് പിന്നില്‍ എമര്‍ജന്‍സി വാതിലുകള്‍ വേണ്ടത്. അകത്തുനിന്നും പുറത്തുനിന്നും തുറക്കാന്‍ പറ്റുന്ന വാതിലുകള്‍ ഘടിപ്പിക്കണമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.

No comments:

Post a Comment