Friday, June 12, 2015

ഭക്ഷ്യസുരക്ഷാലൈസന്‍സിംഗ് : രജിസ്‌ട്രേഷന്‍ മേളകള്‍

2006-ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള ലൈസന്‍സോ/രജിസ്‌ട്രേഷനോ നേടാനും കാലാവധി കഴിഞ്ഞ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും സംസ്ഥാന വ്യാപകരമായി ലൈസന്‍സിംഗ്/രജിസ്‌ട്രേഷന്‍ മേളകള്‍ സംഘടിപ്പിക്കുന്നു. ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ജില്ലാ ഓഫീസുകളില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടുകൂടി ജൂണ്‍ 16 മുതല്‍ 27 വരെയാണ് മേളകള്‍. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന പല സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ/രജിസ്‌ട്രേഷനോ ഇല്ലെന്നും കാലവധി കഴിഞ്ഞവ യഥാസമയം പുതുക്കിയിട്ടില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മേളകള്‍. ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, പെട്ടിക്കടകള്‍, ഉന്തുവണ്ടിയില്‍ വ്യാപാരം നടത്തുന്നവര്‍, പലചരക്ക് കടകള്‍, പ്രൊവിഷണല്‍ സ്റ്റോറുകള്‍, പ ഴം/പച്ചക്കറി വ്യാപാരികള്‍, കൊണ്ടുപോകുന്ന വാഹനങ്ങള്‍, സ്‌കൂള്‍/കോളേജ്/ആശുപത്രി/മറ്റ് സ്ഥാപനങ്ങളിലെ കാന്റീനുകള്‍, കല്യാണമണ്ഡപങ്ങള്‍, ഉച്ചഭക്ഷണവിതരണ കേന്ദ്രങ്ങള്‍, ഇറച്ചി/കോഴി/മത്സ്യം/എണ്ണ/പാല്‍/മുട്ട വ്യാപാരികള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളും വ്യാപാരികളും മേള ഉപയോഗപ്പെടുത്തി ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ കരസ്ഥമാക്കണം. 12 ലക്ഷത്തിനുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സും അല്ലാത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നേടണം. രജിസ്‌ട്രേഷന് മേല്‍വിലാസത്തോടുകൂടിയ തിരിച്ചറിയല്‍ കാര്‍ഡ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ലൈസന്‍സ്, നൂറ് രൂപ ഫീസും അക്ഷയകേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജും നല്‍കണം. ലൈസന്‍സിനായി തിരിച്ചറിയല്‍ കാര്‍ഡ്, ലൈസന്‍സ്, പാര്‍ട്ണര്‍ഷിപ്പ്, കമ്പനി രേഖകള്‍ എന്നിവയോടൊപ്പം നിശ്ചിത ഫീസും രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ) അക്ഷയകേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജും നല്‍കണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ നേടാതെ വ്യാപാരം നടത്തുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. ലൈസന്‍സ് മേള ബന്ധപ്പെട്ട എല്ലാവരും ഉപയോഗപ്പെടുത്തി നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു

No comments:

Post a Comment