Tuesday, June 16, 2015

ആരോഗ്യസംരക്ഷണത്തിന് ജില്ലാ ആയുര്‍വേദ ആസ്​പത്രിയുടെ യോഗജീവനം


കണ്ണൂര്‍: ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ യോഗ പരിശീലനത്തിന് ജില്ലാ ആയുര്‍വേദ ആസ്​പത്രി അവസരമൊരുക്കുന്നു. 
ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേര്‍ന്നാണ് യോഗജീവനം പദ്ധതി നടപ്പിലാക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്തിന്റെ വികസന കേന്ദ്രത്തില്‍ വെച്ചാണ് പരിശീലനം. 
രോഗങ്ങളെ അകറ്റിനിര്‍ത്തി ആരോഗ്യത്തോടെ ജീവിക്കാനുള്ള അനാമയ യോഗ, പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം, ആസ്ത്മ, സോറിയാസിസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിച്ച് ആരോഗ്യം വീണ്ടെടുക്കാനായി ആമയ യോഗ, കുട്ടികളെ മാനസികവും ശാരീരികവുമായി ആരോഗ്യസമ്പന്നരാക്കുന്ന ബാലയോഗ എന്നിങ്ങനെ മൂന്നു തരത്തിലുളള യോഗ പരിശീലനമാണ് നല്‍കുക. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോഷകാഹാരം, വ്യായാമം, രോഗപ്രതിരോധ ശക്തി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസ്സുകളും നല്‍കും.
ഭാരതീയചികിത്സാ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും യോഗ പരിശീലനവും ക്ലാസുകളും നല്‍കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ബാച്ചുകളുണ്ടാകും. എല്ലാ മാസവും 15 ദിവസം വീതമുള്ള രണ്ട് ബാച്ചുകളായാണ് പരിശീലനം സംഘടിപ്പിക്കുക. പരിശീലനത്തിന് മിതമായ ഫീസുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആയുര്‍വേദ ആസ്​പത്രിയുമായി ബന്ധപ്പെടാം. ഫോണ്‍. 0497 2706666.

No comments:

Post a Comment