Wednesday, June 10, 2015

എസ്.എസ്.എ. ഫോക്കസ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന



കല്യാശ്ശേരി: സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ജില്ലയിലെ 117 വിദ്യാലയങ്ങളില്‍ ഭൂരിഭാഗത്തിലും കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. ഫോക്കസ് പദ്ധതി നടപ്പാക്കിയ 117 വിദ്യാലയങ്ങളും അനാദായക പട്ടികയില്‍ വര്‍ഷങ്ങളായി ഉള്‍പ്പെട്ടതായിരുന്നു. ഇതില്‍ 18 വിദ്യാലയങ്ങള്‍ ആദായകരം പട്ടികയില്‍ ഇടംപിടിക്കുന്നതിനും 69 വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കുന്നതിനും പദ്ധതിക്ക് സാധിച്ചു.
ഫോക്കസ്-2015 എന്ന പേരില്‍ പ്രത്യേക പ്രവര്‍ത്തനങ്ങളാണ് സര്‍വശിക്ഷാ അഭിയാന്‍ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി രക്ഷിതാക്കളെയും നാട്ടുകാരെയും പൂര്‍വവിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് പൂര്‍വവിദ്യാര്‍ഥിസംഗമം, സെമിനാറുകള്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. കൂടാതെ ഗൃഹസമ്പര്‍ക്കപരിപാടികള്‍, പി.ടി.എ., മാതൃസംഗമങ്ങള്‍, ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ചിട്ടയായി സംഘടിപ്പിച്ചു. സമൂഹത്തെ വിശ്വാസത്തിലെടുത്ത് കുട്ടികളുടെ പഠനമികവ് ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നേട്ടം കൈവരിക്കാനാകുമെന്ന് തെളിയിക്കുന്നതാണ് ഫോക്കസ്-2015 ന്റെ വിജയമെന്ന് ജില്ലാ എസ്.എസ്.എ. അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment