Wednesday, June 24, 2015

മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധന 

സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധനക്കെത്തുന്ന രീതി മാറുന്നു. ഇനി ഇടവിട്ടിടവിട്ട് സ്‌കൂളുകളില്‍ പരിശോധന ഉണ്ടാകും. ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങി പരിശോധനക്കധികാരമുള്ള ഉദ്യോഗസ്ഥര്‍ മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധനക്കായി സ്‌കൂളുകളിലെത്തും. ഡി.പി.ഐ. യുടെ അധ്യക്ഷതയില്‍ കൂടിയ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.
      ഇന്റേണല്‍ സപ്പോര്‍ട്ടിങ് മിഷന്‍ (ISM) എന്ന പേരില്‍ രൂപവത്കരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് സ്‌കൂളുകളിലെ പരിശോധന. അക്കാദമികവും ഭൗതീകവുമായ പരിശോധന ഇവര്‍ നടത്തും. സ്‌കൂളുകളിലെ പഠന നിലവാരത്തെക്കുറിച്ച് കാര്യമായ പരിശോധനയില്ലാത്തത് ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ സംവിധാനം തുടങ്ങിയത്. ശനിയാഴ്ചകളില്‍ അതത് ആഴ്ചകളില്‍ നടത്തിയ പരിശോധനയെക്കുറിച്ച് ഡി.ഇ.ഒ.യുടെ അധ്യക്ഷതയില്‍ അവലോകനവും നടക്കും.
        ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ ഗുണമേന്മാ പരിശോധനാ സമിതികള്‍ രൂപവത്കരിക്കാനും തീരുമാനമുണ്ട്. സ്‌കൂളുകളിലെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയാണ് ഇതിന്റെയും ലക്ഷ്യം. 
        അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം ജൂലായ് 21 മുതല്‍ 30 വരെയും ഓഗസ്റ്റ്‌ 14-18, 28-30 വരെയും നടക്കും. അധ്യാപകരുടെ ഹാന്‍ഡ് ബുക്ക് സൈറ്റില്‍ നല്‍കും. ജൂണ്‍ 20 ന് മുമ്പ് അവ തയ്യാറാകും. ഫോക്കസ് പദ്ധതി പ്രകാരം 250 അനാദായകരമായ സ്‌കൂളുകള്‍ ആദായകരമായി മാറിയെന്ന് സമിതി വിലയിരുത്തി. പിന്നാക്കം നില്‍ക്കുന്ന സ്‌കൂളുകളെ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതി തുടര്‍ന്നും നടപ്പാക്കും.

No comments:

Post a Comment