Monday, June 29, 2015

ചിറക്കല്‍ സ്‌കൂളിലെ കുട്ടികള്‍ കഥയറിഞ്ഞു, പിന്നെ ആട്ടം കണ്ടു



കണ്ണൂര്‍: കഥയറിയാതെ ആട്ടം കാണുന്നവര്‍ എന്ന് ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെ ഇനി വിളിക്കാനാവില്ല. അവധിദിവസമായിട്ടും കഥകളിയെക്കുറിച്ചുള്ള സോദാഹരണക്ലാസില്‍ അവരെല്ലാം സക്രിയമായിരുന്നു. നളനും ബാഹുകനും കേശിനിയുമെല്ലാം അവരുടെ മുന്നില്‍ അവര്‍ക്ക് മാത്രമായി ആടിത്തിമിര്‍ത്തു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ മലയാളം പാഠപുസ്തകത്തിലെ 'തനതിടം' എന്ന ഭാഗത്ത് പാരമ്പര്യകലകളെ പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ കഥകളിയെക്കുറിച്ച് അറിഞ്ഞുപഠിക്കുന്നതിന്റെ ഭാഗമായാണ് സോദാഹരണക്ലാസ് സംഘടിപ്പിച്ചത്. എറണാകുളം അമല കഥകളി ക്ലബ്ബാണ് ക്ലാസും കഥകളിയും അവതരിപ്പിച്ചത്. പീശപ്പള്ളി രാജീവ് നമ്പൂതിരി സോദാഹരണക്ലാസ് നയിച്ചു.
തുടര്‍ന്ന് വൈകിട്ട് നളചരിതം നാലാംദിവസം കഥകളിയും നടന്നു. ദമയന്തിയായി പീശപ്പള്ളിയും ബാഹുകനായി കലാമണ്ഡലം മയ്യനാട് രാജീവന്‍ നമ്പൂതിരിയും കേശിനിയായി കല രാധാകൃഷ്ണനും രംഗത്തെത്തി. കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം വിശ്വാസ് എന്നിവര്‍ പൊന്നാനിയും ശിങ്കിടിയുമായി. ചെണ്ടയില്‍ കലാമണ്ഡലം നന്ദകുമാറും മദ്ദളത്തില്‍ കലാമണ്ഡലം അനീഷും പക്കമേളമൊരുക്കി. പ്രിന്‍സിപ്പല്‍ ഡോ. എ.എസ്.പ്രശാന്ത് കൃഷ്ണന്‍ നേതൃത്വംനല്കി.

No comments:

Post a Comment