Tuesday, June 23, 2015

ജൂണ്‍ 26 - ആഗോള ലഹരി വിരുദ്ധ ദിനം



മയക്കു മരുന്നുകള്‍ ഉപേക്ഷിക്കാനും, അത് ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാനുമുള്ള ദിവസമാണ് ജൂണ്‍ 26. യുവതലമുറ ലഹരികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതു തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രചാരണവും തടയുന്നതിനായാണ് ലഹരി വിമുക്ത വിദ്യാലയങ്ങള്‍ എന്ന  ആശയം രൂപീകരിച്ചതും നടപ്പാക്കുന്നതും.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന ജൂണ്‍ 26 ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചൈന ഇന്നും അവരുടെ രാഷ്ട്രനായകന്മാരില്‍ ഒരാളായി കാണുന്ന ലിന്‍ സെസുവിന്റെ ജീവിതവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ക്വിങ് ഭരണ കാലത്തെ ഒരു പണ്ഡിതനും ഭരണാധികാരിയുമായിരുന്നു ലിന്‍ (1785 ഓഗസ്റ്റ് 30 - 1850 നവംബര്‍ 22). ചൈനയിലെ ഗ്വാന്‍ഴോ പ്രവിശ്യ കേന്ദ്രീകരിച്ച് കറുപ്പ് ഇറക്കുമതി വ്യാപകമായിരുന്ന കാലം. ബ്രിട്ടനില്‍ നിന്നാണ് കറുപ്പ് ചൈനയിലേക്കു വന്നത്. ഗ്വാന്‍ഴോയിലെ ഹുമെന്‍ എന്ന സ്ഥലത്തു വച്ച് ഒപ്പിയം വ്യവസായത്തിനെതിരേ പോരാടുമെന്ന് ലിന്‍ പ്രഖ്യാപിച്ചത് ഒരു ജൂണ്‍ 26നാണ്. ബ്രിട്ടനും ചൈനയും തമ്മിലുള്ള ഒന്നാം കറുപ്പു യുദ്ധത്തിന്റെ ആദ്യ കാരണങ്ങളിലൊന്ന് ലിന്നിന്റെ ഈ പ്രഖ്യാപനമാണെന്നാണ് കരുതുന്നത്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടങ്ങളിലെ ശക്തമായ പ്രഖ്യാപനമായി അതു വാഴ്ത്തപ്പെട്ടു.
ഈ വിഷയത്തില്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന്നായി ജൂണ്‍ 26 ന്  രാവിലെ എല്ലാ സ്കൂളുകളിലും അസംബ്ലി വിളിച്ചുചേര്‍ത്തു  ചുവടെ ചേര്‍ത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കാന്‍ എല്ലാ പ്രധാനദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.


പ്രതിജ്ഞ

മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളേയും  കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ്‌ എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment