Monday, June 29, 2015

അഞ്ച് പുതിയ പദ്ധതികളുമായി സാമൂഹികനീതി വകുപ്പ്‌


തിരുവനന്തപുരം: സാമൂഹികനീതി വകുപ്പ് അഞ്ച് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വന്തം വീടുകളില്‍ സംരക്ഷണം, നവജാത ശിശുക്കളുടെ കാഴ്ചവൈകല്യമുള്ള അമ്മമാരുടെ പരിപാലനം, ഓട്ടിസം സ്‌പെക്ട്രം ഡിസ്ഓര്‍ഡര്‍ ഉള്ള കുട്ടികള്‍, പക്ഷാഘാതം ബാധിച്ചവര്‍, മേധാക്ഷയം സംഭവിച്ചവര്‍ എന്നിവരുെട പുനരധിവാസം എന്നിവയാണ് പദ്ധതികള്‍. ഇതിനായി 1.61 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി ഡോ. എം.െക.മുനീര്‍ അറിയിച്ചു. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ ഡിമെന്‍ഷ്യ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് 44.84 ലക്ഷം രൂപ അനുവദിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവരെ സ്വന്തം വീടുകളില്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് വകുപ്പ് രൂപം നല്‍കി. സംരക്ഷണച്ചുമതല വഹിക്കുന്ന കുടുംബാംഗത്തിന് പ്രതിമാസം 750 രൂപ സാമ്പത്തിക സഹായം നല്‍കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ഈ വര്‍ഷം 500 പേര്‍ക്ക് സഹായം ലഭിക്കും. ഇതിനായി 3.75 ലക്ഷം രൂപ അനുവദിച്ചു.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് കുട്ടി ജനിച്ചാല്‍ ആദ്യ രണ്ട് വര്‍ഷം മാതാവിന്റെ പൂര്‍ണ പരിപാലനം, കുഞ്ഞിന്റെ സംരക്ഷണം എന്നിവയ്ക്കുള്ള സൗകര്യം ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. കുഞ്ഞിന്റെ അമ്മയ്ക്ക് പ്രതിമാസം 2000 രൂപ സഹായം നല്‍കുന്ന ഈ പദ്ധതിയില്‍ ഈ വര്‍ഷം 200 പേര്‍ക്ക് 40 ലക്ഷം രൂപ നല്‍കും. പക്ഷാഘാതം ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നതിനായി പാലിയം ഇന്ത്യക്ക് 55.96 ലക്ഷം രൂപ അനുവദിച്ചു. ഓട്ടിസം സ്‌പെക്ട്രം ഡിസ്ഓര്‍ഡര്‍ ഉള്ള കുട്ടികളുട പുനരധിവാസത്തിനുള്ള 42.45 ലക്ഷം രൂപയുടെ പദ്ധതിയുടെ ഭരണപരമായ ചെലവുകള്‍ക്കായി 8.45 ലക്ഷം രൂപയും അനുവദിച്ചു. അര്‍ഹമായ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.

No comments:

Post a Comment