Wednesday, June 24, 2015

അധ്യാപകരുടെ സ്വയം വിലയിരുത്തല്‍ നിലവില്‍വരുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്വയം വിലയിരുത്തല്‍ നിലവില്‍വരുന്നു. ഇതിനുള്ള മാര്‍ഗ്ഗരേഖയായി. സ്വയംവിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ മാതൃക അധ്യാപക സംഘടനകളുടെ അഭിപ്രായമറിയാനായി വിദ്യാഭ്യാസവകുപ്പ് നല്‍കി. 

ഒന്നാമത്തെയും മൂന്നാമത്തെയും ടേമുകളുടെ അവസാനത്തിലാണ് സ്വയംവിലയിരുത്തല്‍ നടത്തേണ്ടത്. ഏഴ് മേഖലകളിലായി 85 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലിയാണ് അധ്യാപകര്‍ക്ക് നല്‍കുക. ഓരോ ചോദ്യവും നോക്കി ക്ലാസ്സില്‍ അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പരിഗണിച്ചാണ് റേറ്റ് ചെയ്യേണ്ടത്. ഓരോ മേഖലയിലെയും സൂചകങ്ങള്‍ക്ക് ലഭിച്ച സ്‌കോറുകളുടെ ആകെത്തുകയായിരിക്കും മൊത്തം സ്‌കോര്‍. ഒന്നിലധികം വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ താത്പര്യമുള്ള വിഷയത്തിന് പ്രാധാന്യം നല്‍കാം. 

ഒരധ്യാപകന്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും പഠനബോധന പ്രക്രിയകളും സ്വയം വിലയിരുത്തി സംക്ഷിപ്ത റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതില്‍ തന്റെ മികവും ഇടപെടലുകളും ഇനിയും പിന്തുണ ആവശ്യമുള്ള വിഷയങ്ങളും മേഖലകളും ഉള്‍പ്പെടുത്തണം. 

പ്രഥമാധ്യാപകനും വര്‍ഷത്തില്‍ രണ്ടുതവണ വിലയിരുത്തല്‍രേഖ പൂരിപ്പിക്കണം. കൂടാതെ അധ്യാപകരുടെ സ്വയം വിലയിരുത്തല്‍ രേഖകള്‍ ക്രോഡീകരിക്കണം. കുട്ടികളുടെ ഹാജര്‍, പാഠ്യപദ്ധതിയുടെ വ്യാപ്തി, പഠനനേട്ടങ്ങളുടെ ഫലപ്രാപ്തി എന്നിവയുമായി ബന്ധിപ്പിച്ചാണ് പ്രഥമാധ്യാപകന്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. അധ്യാപകരുടെ മേന്മകളും പിന്തുണ ആവശ്യമുള്ള കാര്യങ്ങളും സ്‌കൂള്‍ ക്ലസ്റ്റര്‍, ബ്ലോക്ക് തലങ്ങളില്‍ ക്രോഡീകരിക്കും. അധ്യാപകരുമായും കുട്ടികളുമായും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുമായും ചര്‍ച്ചചെയ്ത് സംക്ഷിപ്ത രേഖ കൃത്യപ്പെടുത്തണമെന്നും പ്രഥമാധ്യാപകന് നിര്‍ദ്ദേശമുണ്ട്. 

പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റേഴ്‌സ-പിന്‍ഡിക്‌സ് എന്ന പേരിലാണ് വിലയിരുത്തല്‍രേഖ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ അധ്യാപകര്‍ക്ക് സ്വയംവിലയിരുത്തല്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ട്. വിലയിരുത്തലിനുള്ള ഏഴ് മേഖലകള്‍ ഇവയാണ്: 1. പഠനബോധന പ്രവര്‍ത്തനങ്ങളുടെ രൂപകല്പന 2. പാഠ്യവിഷയത്തിലുള്ള അറിവും ധാരണയും 3. പഠനതന്ത്രം മെച്ചപ്പെടുത്തല്‍ 4. വ്യക്തിബന്ധം 5. തൊഴില്‍നൈപുണ്യ വികസനം 6. സമഗ്രവിദ്യാലയ വികസനം 7. അധ്യാപക ഹാജര്‍. 

അധ്യാപക സംഘടനകളുടെ അഭിപ്രായംകൂടി കേട്ട് സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഈ അധ്യയനവര്‍ഷംതന്നെ സ്വയംവിലയിരുത്തല്‍ റിപ്പോര്‍ട്ട് നിലവില്‍വരും. 

No comments:

Post a Comment