Monday, August 10, 2015

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം 13 ന്


സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ (സമുന്നതി) വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. സമുന്നതി ലോഗോ അനാച്ഛാദനവും സിവില്‍ സര്‍വീസ് ജേതാവും വിദ്യാസമുന്നതി ബ്രാന്‍ഡ് അംബാസിഡറുമായ ഡോ. രേണു രാജിനുള്ള ഉപഹാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. വിദ്യാസമുന്നതി ബിരുദ ബിരുദാനന്തരതല സ്‌കോളര്‍ഷിപ്പിന്റെ വിതരണം ധനകാര്യ മന്ത്രി കെ.എം. മാണിയും ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറിതല സ്‌കോളര്‍ഷിപ്പിന്റെ വിതരണം ആരോഗ്യ കുടുംബക്ഷേമ മന്ത്രി വി.എസ്. ശിവകുമാറും നിര്‍വഹിക്കും. മേയര്‍. അഡ്വ. കെ. ചന്ദ്രിക, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, സമുന്നതി ചെയര്‍മാന്‍ പ്രയാര്‍ ഗോപലകൃഷ്ണന്‍, എം.ഡി ഡോ. കെ. അമ്പാടി, പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുക്കും. 2015-16 സാമ്പത്തിക വര്‍ഷം ഹൈസ്‌ക്കൂള്‍ തലത്തില്‍ രണ്ടായിരം രൂപ വീതം 20000 സ്‌കോളര്‍ഷിപ്പുകളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മൂവായിരം രൂപ വീതം 14000 സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും. ബിരുദതലത്തില്‍ നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അയ്യായിരം രൂപ വീതം 3500 സ്‌കോളര്‍ഷിപ്പുകളും പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴായിരം രൂപ വീതം 2500 സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും. ബിരുദാനന്തര ബിരുദ തലത്തില്‍ ആറായിരം രൂപ, എണ്ണായിരം രൂപ വീതം യഥാക്രമം 1667, 1250 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ഡിപ്ലോമ - സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആറായിരം രൂപ വീതമുള്ള ആയിരം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ് മുതലായ പ്രൊഫഷണല്‍ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ വീതമുള്ള നൂറ് സ്‌കോളര്‍ഷിപ്പുകളും ഐ.ഐ.ടി തുടങ്ങിയ ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവര്‍ക്ക് അന്‍പതിനായിരം രൂപ വീതവുമുള്ള നൂറ് സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. ഐ.എ.എസ്. പരിശീലനത്തിന് പ്രിലിമിനറി, മെയിന്‍ എന്നിവയ്ക്ക് യഥാക്രമം 15000, 25000 രൂപ വീതവും ഇന്റര്‍വ്യൂവിന് താമസം, യാത്രപ്പടി ഇനത്തില്‍ 30000 രൂപയും നല്‍കും. സംസ്ഥാനത്തെ സംവരണേതര സമുദായാംഗങ്ങളുടെ സമ്പൂര്‍ണ വിവരം ലക്ഷ്യമാക്കുന്ന ഡാറ്റാബാങ്കും സമുന്നതി തയാറാക്കുന്നുണ്ട്. ഇതിലേക്ക് ബന്ധപ്പെട്ടവര്‍ക്ക് വിവരം ഓണ്‍ലൈനായി നല്‍കാം. വെബ്‌സൈറ്റ് : www.kswcfc.org, ഇ-മെയില്‍ : kswcfc@gmail.com. 

No comments:

Post a Comment