Tuesday, August 11, 2015

2015 ലെ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കുട്ടികളുടെ ധീരതാപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസിനിടയ്ക്കുളള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. ഇതിന് ആസ്പദമായ സംഭവം നടന്നത് 2014 ജൂലൈ ഒന്നിനും 2015 ജൂണ്‍ 31 നും ഇടയ്ക്കായിരിക്കണം. ഭാരത് അവാര്‍ഡ്, ഗീതാ ചോപ്രാ അവാര്‍ഡ്, സഞ്ജയ് ചോപ്രാ അവാര്‍ഡ്, ബാപ്പു ഗയധാനി അവാര്‍ഡ് (മൂന്ന് എണ്ണം), ജനറല്‍ അവാര്‍ഡ് എന്നീ പേരുകളിലാണ് ദേശീയ ബഹുമതികള്‍ നല്‍കുന്നത്. മെഡലും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ വഹിക്കും. അവാര്‍ഡിനര്‍ഹരായ കുട്ടികളെ നവംബര്‍ 14 ശിശുദിനത്തില്‍ പ്രഖ്യാപിക്കും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന അവാര്‍ഡിനും പരിഗണിക്കും. ദേശീയ അവാര്‍ഡിനായി സംസ്ഥാനത്ത് നിന്നുള്ള അപേക്ഷ സംസ്ഥാന ശിശുക്ഷേമ സമിതി മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. സാമൂഹ്യക്ഷേമം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം, പോലീസ് എന്നീ വകുപ്പുകള്‍ക്കും കുട്ടികളുടെ പേര് ശിപാര്‍ശ ചെയ്യാം. അപേക്ഷ തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ശിശുക്ഷേമ സമിതിയുടെ ഓഫീസില്‍ നിന്നും നേരിട്ടോ തപാല്‍ മുഖേനയോ വാങ്ങാവുന്നതാണ്. തപാല്‍ മുഖേന ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസം എഴുതിയ, പത്ത് രൂപയുടെ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. അപേക്ഷാഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ആഗസ്റ്റ് 31. പൂരിപ്പിച്ച അപേക്ഷ അവാര്‍ഡിനര്‍ഹമായ പ്രവൃത്തി, അവയുടെ പത്രവാര്‍ത്തകള്‍ ഇവ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയാറാക്കി മറ്റു ബന്ധപ്പെട്ട രേഖകളോടൊപ്പം (മൂന്ന് പകര്‍പ്പും, മൂന്ന് ഫോട്ടോയും) അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695 014 വിലാസത്തില്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ച് .മണിക്ക് മുമ്പ് കിട്ടിയിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ (National/State Bravery Award for Children 2015)എന്ന് രേഖപ്പെടുത്തിയിരിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതി പരിശോധിച്ച് ഏറ്റവും അര്‍ഹമായവ മാത്രമാവും ദേശീയ അവാര്‍ഡിന് ശിപാര്‍ശ ചെയ്യുകയെന്ന് സമിതി അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. 

No comments:

Post a Comment