Sunday, August 16, 2015

ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയ്ക്ക് കണ്ണൂരില്‍ വര്‍ണാഭമായ തുടക്കം




കണ്ണൂര്‍: പരമ്പാരഗത കാര്‍ഷികരീതിയും സംസ്‌കൃതിയും ഓര്‍മിപ്പിച്ചും നവീന കാര്‍ഷികരീതിയെക്കുറിച്ച് അവബോധം നല്കിയുമുള്ള ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയ്ക്ക് കണ്ണൂരില്‍ വര്‍ണാഭമായ തുടക്കം. 14 ജില്ലകളിലെയും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കി ഹരിതസേനകളുടെ മാര്‍ച്ച്പാസ്റ്റോടെയുള്ള ഘോഷയാത്രയോടെയാണ് മേള തുടങ്ങിയത്. 

സര്‍ക്കാര്‍-സഹകരണ-സ്വകാര്യ മേഖലകളിലെ 300-ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്. കാര്‍ഷികരീതിയും വളര്‍ച്ചയും കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളുമടക്കം മേളയുടെ ഭാഗമായുണ്ട്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആദ്യപവലിയന്‍ കടന്നുകഴിയുമ്പോഴേക്കും കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ഹ്രസ്വചിത്രം കാഴ്ചക്കാരന് ലഭിക്കുന്ന വിധമാണ് മേളയുടെ ക്രമീകരണം. 

മന്ത്രി കെ.സി.ജോസഫ് മേള ഉദ്ഘാടനം ചെയ്തു. വരുംതലമുറയെ രോഗാതുരമാക്കാതിരിക്കുന്നതിനുള്ള കരുതലാണ് കാര്‍ഷികമേഖലയുടെ നവീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെ.സി.ജോസഫ് പറഞ്ഞു. പാലുത്പാദനത്തിന്റെ കാര്യത്തില്‍ മലബാര്‍മേഖല സ്വയംപര്യാപ്തമായികഴിഞ്ഞു. ഇനി പച്ചക്കറിയുടെ കാര്യത്തിലും നേട്ടമുണ്ടാക്കാനാകണം. മറുനാട്ടില്‍നിന്ന് പച്ചക്കറിയെത്തിയില്ലെങ്കില്‍ നമ്മള്‍ പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണുള്ളത്. ഇതാകട്ടെ വിഷപച്ചക്കറികളാണ്. കാന്‍സര്‍ വ്യാപകമായി. ജൈവരീതിയിലേക്കും വിഷമില്ലാത്ത പച്ചക്കറിയിലേക്കും നമ്മള്‍ മാറുകയും ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്താലെ അടുത്ത തലമുറയെയെങ്കിലും നമുക്ക് രക്ഷിക്കാനാകൂവെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്ക് പ്രോത്സാഹനവും കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് വേഗവും പകരാനാണ് ഇത്തരം മേളകള്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ മുതല്‍ വയോജനങ്ങള്‍വരെ ജൈവകാര്‍ഷികരീതിയുടെ മാതൃകകളായി കേരളത്തില്‍ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷികമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. കര്‍ഷകര്‍ക്കുള്ള അഗ്രികാര്‍ഡും വിതരണം ചെയ്തു. 

നടന്‍ ജയറാം, ദോഹയിലെ പ്രവാസികള്‍ക്ക് നെല്‍ക്കൃഷിക്ക് സൗകര്യമൊരുക്കിയ മുഹമ്മദ് അല്‍ദോസരി, എം.പി. പി.കെ.ശ്രീമതി, എം.എല്‍.എ.മാരായ സി.കൃഷ്ണന്‍, എ.പി.അബ്ദുള്ളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള, കളക്ടര്‍ പി.ബാലകിരണ്‍, നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ്, ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


No comments:

Post a Comment