Friday, September 18, 2015

ഒക്ടോബര്‍ 1 -  ലോക വയോജന ദിനം

 സ്കൂള്‍ അസംബ്ലിയില്‍ വയോജനങ്ങളെ ആദരിക്കണം 




യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒന്‍പത് കോടിയാണ് ഇന്ന് ഇന്ത്യയിലെ വൃദ്ധ ജനസഖ്യ. 2050-ല്‍ ഇത് മുപ്പത്തിയൊന്നര കോടിയായി ഉയരും. 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തില്‍ ഇന്നത്തേതിന്റെ 360 ശതമാനം വര്‍ധനവുണ്ടാവും! അതോടെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ നാം ചൈനയെ കടത്തിവെട്ടും. ഏറ്റവും വലിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം, മലയാളിയുടെ ശരാശരി ആയുസ്സ് 72 വയസ്സാണ്. ഇപ്പോള്‍ കേരളത്തിലെ ജനസഖ്യയില്‍ 12.2 ശതമാനവും 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരാണ്. 2061-ല്‍ ഇത് 40 ശതമാനമായി ഉയരും. വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും കൂടുകയാണ്. വലിയൊരു വിഭാഗം വയോജനങ്ങളും സ്വന്തം കുടുംബത്തില്‍ അവഗണനയും ദുരിതവും അനുഭവിച്ച് ജീവിതം തള്ളിനീക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 'ഹെല്‍പ്പേജ് ഇന്ത്യ' എന്ന സംഘടന നടത്തിയ ഏറ്റവും പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 23 ശതമാനം വയോജനങ്ങള്‍ സ്വന്തം വീട്ടില്‍ പീഡനമനുഭവിക്കുന്നവരാണ്. പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ക്കും വീട്ടില്‍ യാതൊരുവിധ പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ല. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും വാക്കുകള്‍കൊണ്ട് മാനസികമായി മുറിവേല്‍ക്കുന്നവരാണ് 76 ശതമാനം പേര്‍. സ്വന്തം കുടുംബത്തില്‍ കടുത്ത അവഗണന അനുഭവിക്കുന്ന വൃദ്ധര്‍ 69 ശതമാനമാണ്. 39 ശതമാനം മുതിര്‍ന്നവര്‍ ശാരീരിക പീഡനം അനുഭവിക്കുന്നു. ദിവസവും ഇത്തരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന വയോജനങ്ങള്‍ 35 ശതമാനം വരും. പ്രായമായവരെ പീഡിപ്പിക്കുന്നതില്‍ മുമ്പില്‍ മരുമക്കളാണെന്നും പഠനം പറയുന്നു. വൃദ്ധമാതാപിതാക്കളില്‍ 39 ശതമാനം പേര്‍ മരുമക്കളുടെ പീഡനത്തിനും 38 ശതമാനം പേര്‍ സ്വന്തം മകന്റെ പീഡനത്തിനും വിധേയരാവുന്നു. കുടുംബത്തില്‍ അതിക്രമങ്ങള്‍ അനുഭവിക്കുന്ന വയോധികരുടെ സങ്കടങ്ങള്‍ പലപ്പോഴും കിടപ്പുമുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്. പീഡനങ്ങള്‍ക്കിരയാകുന്ന 70 ശതമാനം വൃദ്ധരും ഇക്കാര്യം പുറത്ത് പറയുന്നില്ല.

ജീവിതത്തിലെ സായംകാലം മനസ്സമാധാനത്തോടെയും സന്തോഷത്തോടെയും സ്വന്തം വീട്ടില്‍ ചെലവിടാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. പ്രായമായവരുടെ അവകാശം കൂടിയാണ് ഈ ആഗ്രഹം. എന്നാല്‍, കുടുംബാംഗങ്ങളുടെ പീഡനത്തിന്റെ ഫലമായി വയസ്സാകുന്നതോടെ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വരുന്നവരുടെ നാടായി കേരളം മാറുകയാണ്. തത്ഫലമായി കേരളത്തില്‍ വൃദ്ധ മന്ദിരങ്ങളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. 2011-ലെ കണക്കനുസരിച്ച് പതിനൊന്നായിരത്തോളം വയോജനങ്ങളാണ് കേരളത്തിലുള്ളത്.

വയോജനങ്ങളെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള ആത്മാര്‍ഥമായ ഒരു മാനസികാവസ്ഥ ഓരോ വ്യക്തിയിലും ഉണ്ടാവേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി കഷ്ടപ്പെട്ട് ഒടുവില്‍ ജീവിതസായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്നവരെ സഹായിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയും കടപ്പാടുമാണ്. ഈ കടമ നിറവേറ്റുന്നതിന്, മനുഷ്യബന്ധങ്ങള്‍ക്ക് വിലനല്‍കുന്ന ധാര്‍മികവും സാംസ്‌കാരികവുമായ ജീവിതമൂല്യങ്ങള്‍ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും പുലരേണ്ടതുണ്ട്.   

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം social justice department മാറ്റ് വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ സമഗ്രമായി ആണ് വയോജന ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 1 ന് എല്ലാ സ്കൂളുകളിലും രാവിലെ അസംബ്ലി വിളിച്ചുചേര്‍ത്ത് അതിലേക്കു വയോജനങ്ങളെ പ്രത്യേകമായി ക്ഷണിച്ചുവരുത്തി ആദരിക്കണം. അവരുടെ ബാല്യകാല അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാനുള്ള അവസരം നല്‍കണം. വയോജനങ്ങളില്‍ ശ്രേഷ്ഠരായവരെ അസംബ്ലിയില്‍ പ്രത്യേകമായി ആദരിക്കണം.

No comments:

Post a Comment