Thursday, September 17, 2015


റാസ്പ്‌ബെറി പൈ വിതരണം രണ്ടാംഘട്ടം ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന്




കേരള സര്‍ക്കാരിന്റെ റാസ്പ്‌ബെറി പൈ കമ്പ്യൂട്ടര്‍ വിതരണ പദ്ധതിയുടെയും കോഡിംഗ് പഠന (ലേണ്‍ ടു കോഡ്) പരിപാടിയുടെ രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനവും ഇലക്ട്രോണിക് കിറ്റുകളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെപ്തംബര്‍ 18 വെള്ളിയാഴ്ച തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്.എസ്.എല്‍.പി.സ്‌കൂളില്‍ രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കുമെന്ന് വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐടി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നടപ്പാക്കുന്ന പരിപാടിയനുസരിച്ച് ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 7500 റാസ്പബെറി പൈ കിറ്റുകള്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ആദ്യഘട്ട കോഡിംഗില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. രണ്ടാംഘട്ട വിദ്യാര്‍ത്ഥികളെ വളരെ നേരത്തേ വിവരസാങ്കേതിക വിദ്യയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2002 ല്‍ ആരംഭിച്ച ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതിയുടെ തുടര്‍ച്ചയായി നടപ്പാക്കുന്ന ഇലക്ട്രോണിക്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ ആദ്ധ്യക്ഷം വഹിക്കും. ശശിതരൂര്‍ എം.പി, വ്യവസായ, ഐ.ടി. സെക്രട്ടറി പി.എച്ച്.കുര്യന്‍, ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും വ്യവസായമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് റാസ്പ്‌ബെറി പൈ കിറ്റുകള്‍ നല്‍കുന്നത്. ഇക്കൊല്ലം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളെയും വിതരണ പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് റാസ്പ്‌ബെറി പൈ കിറ്റുകള്‍ വന്‍തോതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ 2016 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലോഗോ വ്യവസായമന്ത്രി പ്രകാശനം ചെയ്തു.



No comments:

Post a Comment