Saturday, September 26, 2015

ഒക്ടോബര്‍ 1 -  ലോക വയോജന ദിനം

 സ്കൂളുകളില്‍ നടത്തേണ്ട പരിപാടികള്‍ - മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു



വയോജനങ്ങളെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള ആത്മാര്‍ഥമായ ഒരു മാനസികാവസ്ഥ ഓരോ വ്യക്തിയിലും ഉണ്ടാവേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി കഷ്ടപ്പെട്ട് ഒടുവില്‍ ജീവിതസായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്നവരെ സഹായിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയും കടപ്പാടുമാണ്. ഈ കടമ നിറവേറ്റുന്നതിന്, മനുഷ്യബന്ധങ്ങള്‍ക്ക് വിലനല്‍കുന്ന ധാര്‍മികവും സാംസ്‌കാരികവുമായ ജീവിതമൂല്യങ്ങള്‍ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും പുലരേണ്ടതുണ്ട്.   

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം social justice department മാറ്റ് വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ സമഗ്രമായി ആണ് വയോജന ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 1 ന് എല്ലാ സ്കൂളുകളിലും വയോജന ദിനം ആചരിക്കുന്നത് സംബന്ധിച്ച് DPI മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
  1. സ്കൂളുകള്‍ കേന്ദ്രീകരിച്ചു മുതിര്‍ന്ന പൌരന്മാരുടെ സംഗമങ്ങള്‍ സംഘടിപ്പിക്കുക. കുട്ടികള്‍ക്ക് അവരുടെ മുത്തശ്ശി / മുത്തശ്ശന്‍മാരെ ഇതിനായി സ്കൂളുകളിലേക്ക് ക്ഷണിക്കാം.
  2. ജീവിതാനുഭവങ്ങള്‍ പങ്കിടാം. നാടിന്‍റെ വികസനത്തിനായി നല്‍കിയ സംഭാവനകള്‍ അവതരിപ്പിക്കാം.
  3. സ്കൂളില്‍ പഠിച്ച് പ്രമുഖരായവര്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാം.
  4. കുട്ടിക്കാലത്ത് ചെയ്ത വികൃതികള്‍, അവയില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം.
  5. തനതു പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് സ്കൂള്‍ തലത്തില്‍ കുട്ടികളുടെതായ ഒരു സംഘത്തിന് രൂപം നല്‍കാം.
  6. ഒക്ടോബര്‍ 1 ന് പരിപാടികള്‍ ആരംഭിക്കേണ്ടത് കുട്ടികളും മുതിര്‍ന്ന പൌരന്മാരും പങ്കെടുക്കുന്ന ഒരു പ്രത്യേക അസംബ്ലിയിലൂടെ ആയിരിക്കണം. ഇതില്‍ വയോജന സന്ദേശം വായിച്ചുകൊണ്ടയിരിക്കണം പരിപാടികള്‍ക്ക് തുടക്കം കുറിക്കേണ്ടത്‌.
  7. തങ്ങളുടെ ക്ലാസ് മുറികള്‍, കളിസ്ഥലം, സ്റ്റേജ് തുടങ്ങിയ ഇടങ്ങളില്‍ കുട്ടികള്‍ക്ക് ഒപ്പം ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു സഹായകരമായ രീതിയില്‍ വേണം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌.
  8. വയോജന സൌഹൃദ നാട് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലേഖന, ചിത്രരചന, പെയിന്റിംഗ് മത്സരങ്ങള്‍ സ്കൂള്‍ തലത്തിലും, വിദ്യാഭ്യാസ ജില്ലാതലത്തിലും നടത്താം.
  9. ജൂണ്‍ 15 ന് World Elderly Abuse Awareness Day ദിനാചരണത്തിന്‍റെ ഭാഗമായി Students Police Cadet ന്‍റെ നേതൃത്വത്തില്‍ നടന്ന ഇന്നലെയില്‍നിന്നും നാളെയുംതേടി എന്ന പരിപാടിയുടെ ഭാഗമായി കുട്ടികള്‍ മുതിര്‍ന്ന പൌരന്മാരുടെ ജീവിതാനുഭവങ്ങളും ജീവിതസാഹചര്യങ്ങളും മനസിലാക്കിയിരുന്നു. ഈ സംഘത്തിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തില്‍ ഒരു നയരേഖ തയ്യാറാക്കാവുന്നതാണ്. പ്രസ്തുത നയരേഖ ജില്ലാതലത്തിലുള്ള ശില്പശാലയില്‍ അവതരിപ്പിച്ച് അവിടെ വരുന്ന നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ജില്ലയില്‍നിന്നും ഒരു ടീം സംസ്ഥാനതല ശില്പശാലയില്‍ നയരേഖ അവതരിപ്പിക്കാവുന്നതാണ്.
കുട്ടികള്‍ക്കായി നടത്തുന്ന മത്സരങ്ങള്‍, പ്രത്യേക അസംബ്ലി എന്നിവ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കേണ്ടതാണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍റെ സാഹചര്യത്തിനനുസരിച്ച് കൂട്ടിച്ചേര്‍ക്കാനും നൂതന പരിപാടികള്‍ ആവിഷ്കരിക്കാനും ഉള്ള സ്വാതന്ദ്ര്യം സ്കൂളുകള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.




No comments:

Post a Comment