Thursday, July 30, 2015

ഓഫീസുകളിലും സ്കൂളുകളിലും  'ഓപ്പറേഷന്‍ സ്‌ക്രാപ്പ്' പദ്ധതി നടപ്പാക്കുന്നു



കണ്ണൂര്‍: ജില്ലാ ഭരണകൂടം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ സ്‌ക്രാപ്പ്' പദ്ധതി നടപ്പാക്കും. 
ആഗസ്ത് ഒന്നിന് തുടങ്ങി ഒക്ടോബര്‍ എട്ടുവരെയുള്ള 70 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതരത്തില്‍ ആസൂത്രണംചെയ്തിട്ടുള്ള ഈ ഓഫീസ് നവീകരണ പദ്ധതി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപന മേധാവികളും സ്‌കൂള്‍, കോളേജ് മേധാവികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കളക്ടറേറ്റില്‍ നടന്ന പ്രഥമ യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്കി.
ജില്ലയിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിവിധ ഇനങ്ങളിലുളള സാധനസാമഗ്രികള്‍ പുനരുപയോഗത്തിന് സാധ്യമല്ലാത്ത രീതിയില്‍ മാലിന്യമായി സൂക്ഷിച്ചുവരുന്നുണ്ട്. ഓഫീസ് വരാന്തകളിലും മുറികളിലും വഴികളിലും അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന ഇത്തരം സാധനസാമഗ്രികള്‍ ഒഴിവാക്കുകയാണ് ഈ കാലയളവില്‍ ചെയ്യേണ്ടത്. സാധനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഒഴിവാക്കുന്നതുവഴി ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് നല്കുവാന്‍ സാധിക്കുന്നതും അതുവഴി ദേശീയനഷ്ടം ഒഴിവാക്കാനാവുകയും ചെയ്യും. ഓരോ പതിനഞ്ചുദിവസം കഴിയുമ്പോഴും കളക്ടറുടെ ചേംബറില്‍ ജില്ലാ മേധാവികളുടെ യോഗം ചേരുന്നതായിരിക്കും. പദ്ധതിയുടെ മേല്‍നോട്ടത്തിനായി ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പദ്ധതിയുടെ കണ്‍വീനറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കമ്മിറ്റി അംഗവുമാണ്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 'ഓപ്പറേഷന്‍ സ്‌ക്രാപ്പ്' പദ്ധതി പ്രഖ്യാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള ഉദ്ഘാടനംചെയ്തു. കളക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷതവഹിച്ചു. അസി. കളക്ടര്‍ ചന്ദ്രശേഖര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.സുദേശന്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment