Thursday, July 2, 2015


'സീഡ്' മണ്ണ് തൊടാന്‍ പഠിപ്പിച്ചു







 

തലശ്ശേരി: മാതൃഭൂമിയുടെ സീഡ് ദൗത്യം വിദ്യാര്‍ഥികളെ മണ്ണ് തൊടാന്‍ പഠിപ്പിച്ചുവെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.വസന്തന്‍ അഭിപ്രായപ്പെട്ടു. സീഡ് ഏഴാം വര്‍ഷത്തെ തലശ്ശേരി വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ പ്രകൃതിബോധം വളര്‍ത്തുന്നതോടൊപ്പം അധ്യാപകരില്‍ ദിശാബോധം വളര്‍ത്തുന്നതിലും സീഡ് വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ഹരിതവിദ്യാലയമായ കൂത്തുപറമ്പ് ഹൈസ്‌കൂളിലെ കെ.രാജനും തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മികച്ച കോഓര്‍ഡിനേറ്ററായ സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ കെ.ശോഭനയ്ക്കും വിത്തുകള്‍ കൈമാറിയായിരുന്നു ഉദ്ഘാടനം. ശോഭന ടീച്ചര്‍ കൈമാറിയ അരിയുണ്ടമധുരം നുണഞ്ഞ് നൂറ്റമ്പതോളം അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു. ഉദ്ഘാടന ച്ചടങ്ങില്‍ മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ സുനില്‍ ഇ., മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വിജേഷ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി ഡി.ഇ.ഒ. കെ.കെ.ശോഭന സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു. മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍ നയിച്ച ശില്പശാല അധ്യാപകരുടെ സക്രിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തിന് 'നഞ്ചില്ലാത്ത ഊണൊരുക്കാന്‍' പച്ചക്കറികളൊരുക്കാമെന്ന ദൃഢനിശ്ചയത്തോടെയാണ് അധ്യാപകര്‍ സ്‌കൂളിലേക്ക് മടങ്ങിയത്.

No comments:

Post a Comment