Sunday, July 5, 2015

കതിരൂര്‍ ജി.വി.എച്ച്.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍ ഇനി കളരിയും അഭ്യസിക്കും





കതിരൂര്‍: സ്‌കൂള്‍ പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും ഇനിമുതല്‍ കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വായത്തമാക്കും. കളരിപഠനം കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനംചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പെ കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാഠഭാഗമായി കളരി അഭ്യസിപ്പിച്ചിരുന്നു. അതിനായി ഒരു അധ്യാപകനുമുണ്ടായിരുന്നു. കായികാധ്യാപകനായിരുന്ന കതിരൂര്‍ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടില്‍ എന്‍.കുഞ്ഞിരാമന്‍ നായര്‍ എന്ന കളരിമാഷായിരുന്നു. എണ്‍പതുകളുടെ ആദ്യം അധ്യാപകന്‍ വിരമിച്ചതോടെ കളരിപഠനവും അവസാനിച്ചു. കളരിപഠനത്തിന്റെ ഭാഗമായി നിര്‍മിച്ച 70 വര്‍ഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്. അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കേരളത്തില്‍ രണ്ട് വിദ്യാലയങ്ങളില്‍ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളൂ. ഒന്ന് കതിരൂരും മറ്റൊന്ന് ചേര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ്സിലുമാണ്. 
കതിരൂരിന്റെ കളരിപാരമ്പര്യം കണക്കിലെടുത്ത് കതിരൂര്‍ ഗ്രാമപ്പഞ്ചായത്തും പി.ടി.എ.യും ചേര്‍ന്നാണ് വിദ്യാര്‍ഥികളില്‍ കളരിപഠനം വേണമെന്ന തീരുമാനമെടുത്തത്. അതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് ഒരു പ്രോജക്ട് ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 
അഞ്ചാംക്ലാസിലെ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനവും ആരംഭിച്ചു. ചടങ്ങില്‍ കതിരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഡി.ഇ.ഒ. കെ.കെ.ശോഭന നിര്‍വഹിച്ചു. അബ്ദുള്‍ഖാദര്‍, ശ്രീജിത്ത് ചോയന്‍, ശൈലേഷ് ഗുരുക്കള്‍, ജ്യോതി കേളോത്ത് എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment