Sunday, July 5, 2015

കൈ കഴുകി ഗിന്നസ് ബുക്കിലേക്ക്



കൈ കഴുകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നിട്ടും ചിലര്‍ കൈകഴുകി ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. കൈകഴുകല്‍ ദിനത്തില്‍ കൈകഴുകിയാണ് ഇവര്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഹാന്‍ഡ് വാഷിങ് ഡേയില്‍ മധ്യപ്രദേശിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തോടെ കൈ ശുചിയാക്കിയതിന് ഗിന്നസ് ബുക്കില്‍ കയറിയത്. 2014 ല്‍ വേള്‍ഡ് ഹാന്‍ഡ് വാഷിങ് ഡേയില്‍ മധ്യപ്രദേശില്‍ 12,76,425 വിദ്യാര്‍ഥികള്‍ ഒരേസമയത്ത് കൈകള്‍ ശുചിയാക്കിയതിന് ഗിന്നസ് ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. അര്‍ജന്‍റീന, പെറു, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡാണ് മഹാരാഷ്ട്രയിലെ വിദ്യാര്‍ഥികള്‍ ഇല്ലാതാക്കിയത്. 2011 ല്‍ 7,40,870 പേരെ അണിനിരത്തിയായിരുന്നു ഈ രാജ്യങ്ങള്‍ കൈ ശുചിയാക്കല്‍ റെക്കോഡ് സ്ഥാപിച്ചത്.
മധ്യപ്രദേശിലെ പഞ്ചായത്തിന്‍റെയും റൂറല്‍ ഡെവലപ്പ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും നേതൃത്വത്തിലാണ് കൈ കഴുകല്‍ ദിനത്തില്‍ ഇങ്ങനെയൊരു വ്യത്യസ്തമായ ചടങ്ങ് സംഘടിപ്പിച്ചത്. മധ്യപ്രദേശിലെ 51 ജില്ലകളിലെ വിവിധ ഇടങ്ങളില്‍ നിന്നായി പതിമൂവായിരത്തിലേറെ സ്ഥലങ്ങളിലാണ് കൈകഴുകല്‍ ഒരുക്കിയത്. ആരോഗ്യ സംരക്ഷണത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹാന്‍ഡ് വാഷിങ് ഡേയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ അണിനിരത്തിയത്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ കൈ ശുചിയാക്കുന്നതിന്‍റെ പ്രാധാന്യമെത്തിക്കുകയായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ആഗനവാടികളിലെ കുട്ടികളെ വരെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൈ കഴുകല്‍ ചടങ്ങിന്‍റെ വിഡിയൊ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഗിന്നസ് അധികൃതര്‍ റെക്കോഡ് നല്‍കുന്നത്. ഇതിനൊപ്പം ഇരുപതിനായിരത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ ചരിത്രനിമിഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു, ഈ ദൃശ്യങ്ങളും ഗിന്നസ് അധികൃതര്‍ പരിശോധിച്ചിട്ടുണ്ട്. ഒക്റ്റോബര്‍ 15നാണ് വേള്‍ഡ് ഹാന്‍ഡ് വാഷിങ് ഡേയായി ആചരിക്കുന്നത്.

No comments:

Post a Comment