Sunday, July 5, 2015

തുടികൊട്ടിപ്പാട്ടിനൊപ്പം കുട്ടിക്കര്‍ഷകര്‍ പാടത്തിറങ്ങി, മണ്ണിനെയറിയാന്‍



കണ്ണൂര്‍: തുടിപ്പാട്ടിന്റെ അകമ്പടിയോടെ കൊച്ചുകര്‍ഷകര്‍ പാടത്തെ ചെളിയിലേക്കിറങ്ങി. തോട്ടില്‍ കുളിച്ച്, പാടവരമ്പത്തിരുന്ന് കഞ്ഞികുടിച്ച്, പാടവും നാടും ഉണര്‍ത്തി കൃഷിയറിവുമായി മടക്കം. 
പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്സി.ലെ നന്മ സാംസ്‌കാരികവേദി ഒരുക്കുന്ന 'ജോയ് ഓഫ് ലേണിങ്' എന്ന പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കണ്ടംപൂട്ടി ഞാറുനട്ടത്. മയ്യില്‍ പഞ്ചായത്തിലെ കടൂര്‍ പ്രദേശത്തെ അരയിടം പാടശേഖരത്തിലാണ് കൃഷിപാഠങ്ങള്‍തേടി കുട്ടികളെത്തിയത്. നാട്ടുകാര്‍ വന്‍ സ്വീകരണമാണ് ഇവര്‍ക്കായൊരുക്കിയത്. സ്‌കൂളിലെ അഞ്ചു മുതല്‍ ഒമ്പതാംതരംവരെയുള്ള 60 കുട്ടികളാണ് പാടത്തെത്തിയത്. പൊന്നാര്യന്‍, പുന്നെല്ല്, കുതിര്, ചെമ്പാവ്, കുഞ്ഞെല്ല്, നവര എന്നീ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് കുട്ടികളെ പാടത്തിറക്കിയത്. എല്ലാവരും ആദ്യമായാണ് വയലില്‍ ഞാറുനടുന്നത്. നാടന്‍പാട്ടുകാരന്‍ ശരത്കുമാര്‍ അത്താഴക്കുന്നും തുടിപ്പാട്ടുമായി ഇവര്‍ക്ക് ഊര്‍ജമേകാന്‍ പാടത്തിറങ്ങി. 
വയലില്‍നിന്ന് വിയര്‍ത്തുകയറി തൊട്ടടുത്ത തോട്ടില്‍നിന്ന് കുളിച്ച് ഉന്മേഷത്തോടെ തിരിച്ചെത്തി. പിന്നെ പാടവരമ്പിത്തിരുന്ന് കഞ്ഞിയും ചക്കപ്പുഴുക്കും മാങ്ങയിഞ്ചിച്ചമ്മന്തിയും കഴിച്ച് വയറുനിറച്ചു. പിന്നെ നാട്ടിപ്പാട്ടുമായി കടൂരിലെ മുതിര്‍ന്ന കര്‍ഷകസ്ത്രീകളായ ദേവി, ശോഭ, ഭാമിനി എന്നിവരും കുട്ടികള്‍ക്കൊപ്പംകൂടി. കോരന്‍, എ.സി.കൃഷ്ണന്‍ എന്നിവര്‍ പഴയകാല കൃഷിരീതികളെക്കുറിച്ച് വിവരിച്ചു. മണ്ണ് തൊട്ടറിഞ്ഞും പഴയതലമുറയുടെ കാര്‍ഷികപാഠങ്ങള്‍ കേട്ടറിഞ്ഞും പുതിയ കൃഷിപാഠങ്ങളുമായാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. 
ജൂണ്‍ മുതല്‍ മാര്‍ച്ചുവരെ നീണ്ടുനില്ക്കുന്ന ജീവിതപഠനയാത്രയുടെ ഭാഗമായാണ് 'എല്ലാവരും പാടത്തേക്ക്' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികവിജ്ഞാനം പകരാന്‍ പരിപാടി നടത്തിയത്. ടി.കെ.ബാലകൃഷ്ണന്‍, റിട്ട. കൃഷി ഓഫീസര്‍ വി.ഒ.പ്രഭാകരന്‍, വി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. ജോയ് ഓഫ് ലേണിങ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത്, അധ്യാപകരായ ബെന്നി പീറ്റര്‍, എന്‍.ലത, വി.രമണി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment